‘മടി കൂടാതെ അവര്‍ക്ക് മുലയൂട്ടൂ, കാരണം അതും സ്നേഹത്തിന്റെ ഭാഷയാണ്”: മാര്‍പ്പാപ്പ

0
169

വത്തിക്കാന്‍: പൊതു സ്ഥലങ്ങളില്‍ മുലയൂട്ടുന്നത് സ്ത്രീകള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ചില രാജ്യങ്ങളില്‍ ഇത് വളരെ അശ്ലീലമായാണ് കണക്കാക്കുന്നത്. എന്നാല്‍ വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലില്‍ വച്ച് കഴിഞ്ഞ ദിവസം പോപ്പ് ഫ്രാന്‍സിസ് പറഞ്ഞ വാക്കുകള്‍ പുരോഗമനാത്മകവും മനുഷ്യത്വപരവുമാണ്. മാമോദീസ മുക്കിക്കാനാന്‍ 34 കുഞ്ഞുങ്ങളാണ് ചാപ്പലില്‍ എത്തിയിരുന്നത്. ആളുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കുര്‍ബാന മണിക്കൂറുകള്‍ നീണ്ടു. കുഞ്ഞുങ്ങളില്‍ ചിലര്‍ അതിനിടെ വിശന്ന് കരയാന്‍ തുടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അമ്മമാരോട് കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്നും അവര്‍ക്ക് മടിക്കാതെ മുലകൊടുക്കാനും പോപ്പ് നിര്‍ദേശം നല്‍കിയത്.

”അവരെ താലോലിക്കൂ, മടികൂടാതെ അവര്‍ക്ക് മുലയൂട്ടൂ, കാരണം അതും സ്നേഹത്തിന്റെ ഭാഷയാണ്” എന്നാണ് പോപ്പ് നിര്‍ദ്ദേശിച്ചത്.

18 പെണ്‍കുട്ടികളെയും 16 ആണ്‍കുട്ടികളെയുമാണ് പോപ്പ് അന്ന് മാമോദീസ മുക്കിയത്. ചടങ്ങ് രണ്ട് മണിക്കൂറോളം നീങ്ങുകയും ചെയ്തിരുന്നു. ഇതില്‍ രണ്ട് ജോഡി ഇരട്ടകളും ഉള്‍പ്പെട്ടിരുന്നു. ചര്‍ച്ചിലാണെന്ന് കരുതി മുലയൂട്ടാന്‍ മടിക്കേണ്ടെന്നും കുരുന്നുകളെ പട്ടിണിക്കിടരുതെന്നുമായിരുന്നു പോപ്പിന്റെ നിര്‍ദ്ദേശം.

2014ല്‍ നടന്ന മറ്റൊരു ചടങ്ങില്‍ വച്ചും പോപ്പ് സമാനമായ അഭിപ്രായം പോപ്പ് പ്രകടിപ്പിച്ചിരുന്നു. കുഞ്ഞുങ്ങള്‍ വിശന്ന് കരഞ്ഞാല്‍ അധികം ചിന്തിച്ച് നില്‍ക്കാതെ അവര്‍ക്ക് മുലയൂട്ടുക തന്നെ വേണമെന്നായിരുന്നു അന്നും അദ്ദേഹം അവിടെ കൂടിയിരുന്ന അമ്മമാരോട് നിര്‍ദേശിച്ചിരുന്നത്.