മേക്ക് ഇന്‍ ഇന്ത്യയ്ക്ക് തിരിച്ചടി; 32000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി ഉപേക്ഷിക്കുന്നു

0
52


ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ നടപ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി. 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മാണം നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ് റദ്ദാക്കിയത്.

ഗോവ ഷിപ്യാഡിലാണ് അത്യാധുനിക എംസിഎംവി വിഭാഗത്തില്‍പ്പെടുന്ന കപ്പലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ഗോവന്‍ ഷിപ്യാഡന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയ്ക്കായി പുതുതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണ കൊറിയയുടെ ധാരണയില്‍ മാറ്റംവന്നതാണ് പദ്ധതി തടസ്സപ്പെടുന്നതിന് കാരണമായത്. ഇത്തരത്തില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് കടലില്‍ 24 കപ്പലുകളാണ് ആവശ്യമുള്ളത്. നിലവില്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ള നാല് കപ്പലുകളാണ് ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനുള്ളത്.

പ്രതിരോധമേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. കരസേനയ്ക്കാവശ്യമായ വാഹനങ്ങള്‍, ചെറുതും വലുതുമായ ഹെലികോപ്ടറുകള്‍, പുതിയ തലമുറ മുങ്ങിക്കപ്പലുകള്‍, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ നിലച്ചിരിക്കുകയാണ്. ഒന്നിന്റെയും അവസാനവട്ട കരാറുകള്‍ ഉണ്ടാക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല.