ലൗ ജിഹാദിനെക്കുറിച്ച് പുസ്തകം;’എ മാസ്‌ക് ലൈക്ക് ദിസ്’

0
73

ന്യൂഡല്‍ഹി: ലൗ ജിഹാദിനെക്കുറിച്ച് പുസ്തകം ഒരുങ്ങുന്നു. ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പുതിയ പ്രസാധകരാണ് സംരഭത്തിന് പിന്നില്‍. 86 പേജുള്ള പുസ്തകത്തിന്റെ പേര് ‘എ മാസ്‌ക് ലൈക്ക് ദിസ്’എന്നാണ്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കഥകളുടെ സംഗ്രഹം എന്നാണ് പുസ്തകത്തിന്ന് ടാഗ് ലൈന്‍ നല്‍കിയിട്ടുള്ളത്. 15 കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഭോപ്പാലില്‍ സോഷ്യോളജി അധ്യാപികയായ ഡോ. വന്ദന ഗാന്ധിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഡല്‍ഹിയില്‍ വെച്ച് നടക്കാറുള്ള ലോക പുസ്തകമേളയിലാണ് ഇതിന്റെ പ്രകാശനം നടക്കുക.
ജനുവരി ആറു മുതല്‍ 14 വരെ നടക്കുന്ന മേളയില്‍ പത്തിനാണ് ഈ പുസ്തകത്തിന്റെ പ്രകാശനം. എന്‍ബിടിയാണ് മേളയുടെ സംഘാടകര്‍.

ലവ് ജിഹാദുമായി ബന്ധപ്പെട്ട യതാര്‍ത്ഥസംഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകത്തില്‍ ഇരകളുടെ പേരുകള്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് പ്രസാധകര്‍ പറയുന്നു. ഹിന്ദു പെണ്‍കുട്ടികളില്‍ അവബോധം സൃഷിടക്കാന്‍ വേണ്ടിയാണ് പുസ്തകം ഇറക്കുന്നതെന്ന് പ്രസാധകരിലൊരാളായ അര്‍ച്ചന പ്രകാശന്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പ്രസാധകര്‍ ഉള്‍പ്പെടുന്ന സംഘമാണ് രാഷ്ട്രീയ സാഹിത്യ സംഘം എന്ന പേരില്‍ പുതിയ പ്രസാധന വിഭാഗം ആരംഭിച്ചിട്ടുള്ളത്. കശ്മീര്‍, കൊച്ചി, കട്ടക്ക്, ജലന്ധര്‍, ജയ്പുര്‍, നാഗ്പുര്‍, അഹ്മദാ ബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ പ്രസാധന സംഘത്തിലുള്ളത്. പുസ്തക പ്രകാശനത്തിന് ആര്‍എസ്എസിന്റെ ഉന്നത നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അര്‍ച്ചന പ്രകാശന്‍ പറഞ്ഞു.