വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവത് ജനുവരി 25-ന് തീയറ്ററുകളിലേക്ക്

0
81

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവത് ജനുവരി 25 ന് റിലീസിന് ഒരുങ്ങുകയാണ്. പദ്മാവതി എന്ന് പേരിട്ടിരുന്ന ചിത്രത്തിനെതിരെ ഉണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ച് സുപ്രധാന മാറ്റങ്ങളോടെ പദ്മാവത് എന്ന് പേരുമാറ്റി ചിത്രം പുറത്തിറക്കാന്‍ ധാരണയായി.

രജപുത്രവികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ നായിക ദീപികയ്ക്കും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ രംഗത്ത് വന്ന രജ്പുത് കര്‍ണി സേന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം എന്ന നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതിനിടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അക്ഷയ്കുമാര്‍ നായകനായെത്തുന്ന പാഡ്മാനും ജനുവരി 25 നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും പാഡ്മാന്‍ റിലീസ് മാറ്റിവയ്ക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സൈറ്റുകളില്‍ പദ്മാവതിന്റെ റിലീസ് ജനുവരി 25 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.