ഷമിയും ബുംറയും തകര്‍ക്കുന്നു; ദക്ഷിണാഫ്രിക്ക ഏഴിന് 96

0
54


കേപ് ടൗണ്‍: ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നാലാം ദിവസം കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്ക ഏഴിന് 96 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. 20 റണ്‍സുമായി ക്രീസിലുള്ള സൂപ്പര്‍താരം എ.ബി.ഡീവിലിയേഴ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ പ്രതീക്ഷയും. ഷമി മൂന്നും ബുംറ രണ്ടും വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക മൊത്തം 173 റണ്‍സിന്റെ ലീഡുണ്ട്.

ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ മഴ കാരണം കളി പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കളി തുടങ്ങിയതുമുതല്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുകയായിരുന്നു. ഹാഷിം അംല(4), കഗീസോ റബാദ(5), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്(0), ക്വിന്റണ്‍ ഡി കോക്ക്(8), വെര്‍ണന്‍ ഫിലാന്‍ഡര്‍(0) എന്നിവരാണ് ഇന്ന് പുറത്തായത്.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 286 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക നേടിയ 77 റണ്‍സിന്റെ ലീഡ് കളിയില്‍ നിര്‍ണായകമാകാനാണ് സാധ്യത.