ഷമിയും ബുംറയും തകര്‍ത്തു; ഇന്ത്യയുടെ വിജയലക്ഷ്യം 208

0
67


കേപ് ടൗണ്‍: ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും തകര്‍ത്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 208 റണ്‍സ്. രണ്ടാമിന്നിങ്‌സില്‍ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നാലാം ദിവസം കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്ക 130 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത എ.ബി.ഡീവിലിയേഴ്‌സ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. പത്താമനായാണ് ഡീവിലിയേഴ്‌സ് പുറത്തായത്. ഷമിയും ബുംറയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഭൂവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ മഴ കാരണം കളി പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കളി തുടങ്ങിയതുമുതല്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുകയായിരുന്നു. ഹാഷിം അംല(4), കഗീസോ റബാദ(5), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്(0), ക്വിന്റണ്‍ ഡി കോക്ക്(8), വെര്‍ണന്‍ ഫിലാന്‍ഡര്‍(0) എന്നിവര്‍ അതിവേഗം പുറത്തായി.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 286 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക നേടിയ 77 റണ്‍സിന്റെ ലീഡ് കളിയില്‍ നിര്‍ണായകമാകാനാണ് സാധ്യത.