സ്വവര്‍ഗ ലൈംഗികത: 377-ാം വകുപ്പിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന്‌ സപ്രീം കോടതി

0
55

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികതയുടെ 2013-ലെ വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് നിലനില്‍ക്കുമെന്ന 2013-ലെ വിധിയാണ് പുനഃപരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.

ഐപിസിയിലെ 377-ാം വകുപ്പിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വലിയൊരു ബഞ്ചിന്റെ മുന്നില്‍ നടക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഐപിസി 377 പ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികതയും കുറ്റകരമായി കണക്കാക്കുന്നതിനാല്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവിതേജ് സിങ് ജോഹര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ഓഗസ്റ്റില്‍ ബന്ധങ്ങള്‍, ജീവിത ശൈലികള്‍ എന്നിവ അവരവര്‍ തെരഞ്ഞെടുക്കേണ്ടതാണൈന്നും സ്വകാര്യത മൗലികമായ അവകാശമാണെന്നുമുള്ള ചരിത്രപ്രാധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ജോഹര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ അവരെ ജയിലിലടയ്ക്കാനാവില്ലെന്ന് ജോഹറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

2013-ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വിധിയില്‍ 377 -ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും ഈ വകുപ്പ് നീക്കം ചെയ്യേണ്ടത് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി 2014 കോടതി തള്ളിയിരുന്നു.