ആണവ യുഗത്തിന് തുടക്കമിട്ട മന്‍ഹാട്ടന്‍ പ്രോജക്റ്റ്

0
106

ഋഷിദാസ്

മന്‍ഹാട്ടന്‍ പ്രോജക്റ്റ് എന്ന് വിളിക്കപ്പെടുന്ന യുഎസ് ഉദ്യമമാണ് ആണവ ആയുധങ്ങളുടെ നിര്‍മാണത്തിന് വഴിതെളിച്ചത്. മന്‍ഹാട്ടന്‍ പ്രോജെക്ടിനെപ്പറ്റി ആയിരക്കണക്കിന് പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ വിവര്‍ത്തനങ്ങളായും സ്വതന്ത്രഗ്രന്ഥങ്ങളായും ധാരാളം പുസ്തകങ്ങള്‍ ഇതിനെ ആധികരിച്ച് ഉണ്ട്. സംഭവങ്ങളുടെയും അവയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെയും വലിപ്പം നിമിത്തം പലവുരു പറഞ്ഞാലും കേട്ടിരിക്കാവുന്ന ഒരു സംഭവകഥയാണ് മന്‍ഹാട്ടന്‍ പ്രോജെക്ടിന്റേത്.

മുപ്പതുകളില്‍ ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ നടന്ന ചില സംഭവങ്ങളാണ് മന്‍ഹാട്ടന്‍ പ്രോജക്ടിന് തുടക്കം കുറിച്ചതെന്ന് വേണമെങ്കില്‍ പറയാം. ന്യൂട്രോണുകള്‍ ഉപയോഗിച്ച യുറാനിയത്തെ വികിരണവിധേയമാക്കിയപ്പോള്‍ ആ പരീക്ഷണത്തിലൂടെ ഇറാനിയത്തെക്കാള്‍ വളരെ അറ്റോമിക് ഭാരവും സംഖ്യയും കുറഞ്ഞ ബേരിയം നിര്‍മ്മിക്കപ്പെട്ടു എന്ന വാര്‍ത്ത അക്കാലത്തു ഭൗതിക ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ പരന്നിരുന്നു. അതിനുശേഷം പല ഭൗതിക ശാസ്ത്രജന്മാരും സ്വതന്ത്രമായ കണക്കുകൂട്ടലുകള്‍ നടത്തി ജര്‍മനിയില്‍ നടന്നത് ന്യൂക്ലിയര്‍ ഫിഷന്‍ ആണെന്ന് സ്ഥിരീകരിച്ചു. മുന്‍പ് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ന്യൂക്ലിയര്‍ ഫിഷന്‍ പ്രാവര്‍ത്തികമാക്കാനാവുമെന്നത് തികച്ചും അതിശയിപ്പിക്കുന്ന ഒരു വസ്തുതയായിരുന്നു അക്കാലത്ത്. പെട്ടന്ന് തന്നെ ന്യൂക്ലിയര്‍ ഫിഷന്‍ ഉപയോഗിച്ച് അത്യധികം വിനാശകരമായ ഒരു ബോംബ് തന്നെ നിര്‍മിക്കാനാവും എന്ന വസ്തുതയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൗതിക ശാസ്ത്രജ്ഞമാര്‍ക്ക് ബോധ്യപ്പെട്ടു.

നാസി ജര്‍മ്മനി ഒരു ന്യൂക്ലിയര്‍ ഫിഷന്‍ ബോംബ് ഉണ്ടാക്കിയാല്‍ സംഭവിക്കാവുന്ന കെടുതികളെക്കുറിച്ചു വളരെ ആശങ്കാകുലരായിരുന്നു ചില ഭൗതിക ശാസ്ത്രജ്ഞര്‍. അവരില്‍ ഒരാളായിരുന്നു ഹങ്കേറിയന്‍ ശാസ്ത്രജ്ഞനായ ലിയോ സിലാദ്. അമേരിക്കന്‍ സര്‍ക്കാരിനെ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള സിലാദിന്റെ ശ്രമങ്ങള്‍ തുടരെ തുടരെ പാഴായി. സിലാഡിന് അമേരിക്കന്‍ ഭരണത്തിന്റെ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു യാഥാര്‍ഥ്യം. അതിനായി കൂടുതല്‍ പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞന്റെ സഹായം തേടാന്‍ സിലാഡ് തീരുമാനിച്ചു. സിലാടും ,സുഹൃത്തായ ഭൗതിക ശാസ്ത്രജ്ഞന്‍ യുജീന്‍ വെങ്കറും ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റായ ഫ്രാന്‍ക്ലിന്‍ റൂസ്വെല്‍റ്റിന് ഒരു കത്തെഴുതി. ആ കത്തില്‍ സാക്ഷാല്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീനെകൊണ്ട് ഒപ്പുവയ്പ്പിക്കാനും അവര്‍ക്കായി. സീലാഡ്-ഐന്‍സ്റ്റീന്‍ എഴുത്ത് എന്നാണ് ഈ കത്ത് അറിയപ്പെടുന്നത്. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ഒപ്പുവച്ചതായതിനാല്‍ ഈ കത്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മന്‍ഹാട്ടന്‍ പ്രോജക്ടിന്റെ തുടക്കവും ഈ കത്തില്‍ നിന്നായിരുന്നു.

മന്‍ഹാട്ടന്‍ പ്രോജക്റ്റ് എന്നത് യുഎസ് ആണവ പദ്ധതിയുടെ അപര നാമമായിരുന്നു. കടുത്ത രഹസ്യ സ്വഭാവമാണ് പ്രോജക്ടിനുണ്ടായിരുന്നത്. ശാസ്ത്ര-സൈനിക വിഭജനം ആദ്യമേ പ്രോജക്ടിനുണ്ടായിരുന്നു. റോബര്‍ട്ട് ഓപ്പണ്‍ഹെയ്മെര്‍ ആയിരുന്നു പദ്ധതിയുടെ ശാസ്ത്ര വിഭാഗത്തിന്റെ തലവന്‍. പദ്ധതിയുടെ സൈനിക തലവന്‍ യുഎസ് സൈന്യത്തിലെ ബ്രിഗേഡിയര്‍ ജനറലായിരുന്ന ലെസ്ലി ഗ്രോവ്‌സ് ആയിരുന്നു സൈനിക മേല്‍നോട്ടം വഹിച്ചത്. ന്യൂ മെക്‌സിക്കോയിലെ ആളൊഴിഞ്ഞ മരുഭൂമിയിലായിരുന്നു പ്രോജക്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. പക്ഷെ യുഎസ് ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളും പ്രൊജക്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിലനിന്നിരുന്നു. യുഎസ് സൈനിക രാഷ്ട്രീയ നേതൃത്വത്തിനു മാത്രമാണ് സ്ഥാപനങ്ങളുടെ പൂര്‍ണ്ണ ചുമതലകള്‍ അറിയാമായിരുന്നത്. ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിലൂടെ വിഭവങ്ങള്‍ പ്രോജക്ടിലേക്ക് ഒഴുകാന്‍ തുടങ്ങി. ആണവ ആയുധം ജപ്പാനുമേല്‍ തന്നെ പ്രയോഗിക്കണം എന്ന യുഎസ് രാഷ്ട്രീയ നേതൃത്വം അന്നേ തീരുമാനിച്ചതുപോലെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

ഒരു യുറേനിയം ബോംബും ഒരു പ്ലൂട്ടോണിയം ബോംബും നിര്‍മിക്കാനുള്ള പദ്ധതികള്‍ ആദ്യമേ തുടങ്ങിയിരുന്നു. പ്രാകൃതിക യുറേനിയത്തില്‍ നിന്നും യുറേനിയം-235 വേര്‍തിരിച്ചെടുക്കുന്നതിനായി അന്നത്തെ സാങ്കേതിക വിദ്യയുടെ പരമോന്നത കഴിവുകളെപ്പോലും പരീക്ഷിച്ചു. ഈ പ്രോജക്ടിന് വേണ്ടി പ്ലൂട്ടോണിയം നിര്‍മിക്കാനായാണ് ആദ്യ ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കപ്പെട്ടത്. പല ബോംബ് ഡിസൈനുകളും അവലോകനം ചെയ്യപ്പെട്ടു. മിക്ക ഡിസൈനുകളും പ്രായോഗികമായി അപ്രാപ്യമായിരുന്നു. അവസാനം ഇമ്പ്‌ലോഷന്‍ തത്വത്തെ അവലംബിച്ചുള്ള പ്ലൂട്ടോണിയം ഡിസൈനും, ഗണ്‍ ടൈപ്പ് യുറാനിയവും ബോംബ് ഡിസൈനും തെരഞ്ഞെടുക്കപ്പെട്ടു. ഗണ്‍ ടൈപ്പ് ഡിസൈനിന്റെ ലിറ്റില്‍ ബോയ് എന്ന് ഇമ്പ്‌ലോഷന്‍ ബോംബിനെ ഫാറ്റ് മാന്‍ എന്നും വിളിച്ചു.

1945 മാര്‍ച്ചോടുകൂടി രണ്ടുതരം ബോംബുകളും ഏറെക്കുറെ തയ്യാറായിരുന്നു. പല ശാസ്ത്രജ്ഞന്മാരും ബോംബുകളുടെ പ്രഹരശേഷി കണക്കുകൂട്ടി കണക്കു കൂട്ടലുകളെല്ലാം ശരിയായ സ്‌ഫോടനത്തെക്കാള്‍ വളരെ കുറവായിരുന്നു. ഒരു പൂര്‍ണ പരീക്ഷണമാണോ അതോ ഒരു ചെറുപരീക്ഷണ സ്‌ഫോടനമാണോ നടത്തേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. പ്രോജക്ടിന്റെ തലവനായ ഒപ്പെന്‍ഹെയ്മെന്‍ പൂര്‍ണതോതിലുള്ള പരീക്ഷണത്തെ അനുകൂലിച്ചു. അതിനാല്‍ തന്നെ പൂര്‍ണ്ണ പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. 1945 ജൂലൈ 16 നു പുലര്‍ച്ചെ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയില്‍ പ്ലൂട്ടോണിയം ഇമ്പ്‌ലോഷന്‍ ഡിസൈന്‍ അവലംബിച്ച ആണവ ബോംബ് പരീക്ഷിക്കപ്പെട്ടു. ട്രിനിറ്റി എന്ന പേരാണ് പരീക്ഷണത്തിന് നല്‍കപ്പെട്ടത്.

 

ദൂരെ ബങ്കറുകളിലിരുന്നു സ്‌ഫോടനം വീക്ഷിച്ച ഒപ്പെന്‍ഹെയ്മേറും മറ്റു പ്രൊജക്റ്റ് ഉന്നതരും സ്തബ്ധരായി. അവരുടെയൊക്കെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു ആ സ്‌ഫോടനം. ഓപ്പണ്‍ ഹെയ്മെര്‍ക്ക് ഭഗവത് ഗീതയില്‍ നിന്നുള്ള ഒരു ശ്ലോകം ഓര്‍മ്മ വന്നു

”ദിവി സൂര്യ സഹസ്രസ്യ
ഭവേദ്യുഗപദ് ഉത്ഥിതാ
യദി ഭാഃ സദൃശീ സാസ്യാദ്
ഭാസസ്തസ്യ മഹാത്മനഃ ”

(ആ ശോഭ അനേകായിരം സൂര്യന്‍മാര്‍ ആകാശത്തില്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രഭക്ക് തുല്യമായിരുന്നു.)

ഒപ്പെന്‍ഹെയ്മേരുടെ നാവില്‍നിന്നും ആ വരികള്‍ അടര്‍ന്നു വീണു. ആയിരം സൂര്യന്മാര്‍ ഉദിച്ചുയര്‍ന്ന പോലെയായിരുന്നു ആ സ്‌ഫോടനം. ഒപ്പെന്‍ഹെയ്മേറെ സംബന്ധിച്ച അതായിരുന്നു മന്‍ഹാട്ടന്‍ പ്രോജക്റ്റിന്റെ ഉപസംഹാരം. പിന്നീട് നടന്നതെല്ലാം ആ സംരംഭത്തിന്റെ ഫലങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു.