ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം

0
49

കാസര്‍ഗോഡ്: സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. ചിമേനിയിലെ റിട്ടയേര്‍ഡ് അധ്യാപികയുടേത് ഉള്‍പ്പെടെ സമീപ കാലത്തായി പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്ന മൂന്ന് കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതും പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ പരിഗണന ലഭിക്കാത്തതും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഇത്തരം സംഭവങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും മുതലെടുപ്പിന് സഹായിച്ചു. പൊലീസിലെ ഒരു വിഭാഗം പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പമാണെന്ന ആക്ഷേപവും പ്രതിനിധികള്‍ ഉന്നയിച്ചു. സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലായ ഘട്ടത്തില്‍ സിപിഐ സ്വീകരിച്ച നിലപാടുകളെ വേണ്ട രീതിയില്‍ ചെറുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ഇത് പൊതു ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. നേതൃത്വത്തിന്റെ തെറ്റായ നിലപാടില്‍ പാര്‍ട്ടി വിടുന്ന അനുഭാവികള്‍ ബിജെപിയിലാണ് ചേക്കേറുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. ജില്ലയില്‍ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കും എംപിക്കും ഉണ്ടായ വീഴ്ചയും പ്രതിനിധികള്‍ ചൂണ്ടി കാട്ടി. സമ്മേളനം നാളെ സമാപിക്കും.