ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ആശ്വാസം; എച്ച്-വണ്‍ ബി വിസാ പരിഷ്‌കാരം നിര്‍ത്തിവെച്ചു

0
77


വാഷിങ്ടണ്‍: എച്ച്-വണ്‍ ബി വിസാ പരിഷ്‌കാരം നിര്‍ത്തിവെച്ചു. എച്ച് വണ്‍ ബി വിസയില്‍ യു.എസിലേക്ക് വിവിധ ജോലികള്‍ക്കും മറ്റുമായി വന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ആശ്വാസമാണ് പുതിയ നീക്കം. 6 വര്‍ഷ കാലാവധിയില്‍ കൂടുതല്‍ ജോലി ചെയ്യാനായി താല്‍പര്യപ്പെടുന്ന ടെക്കികളടക്കമുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് സര്‍കാര്‍ തീരുമാനം.
വ്യവസ്ഥകളില്‍ മാറ്റം വരുത്തി എച്ച്-വണ്‍ ബി വിസയുള്ളവരെ കാലവധിക്ക് ശേഷം രാജ്യം വിട്ട് പോകുന്നതിന് നിര്‍ബന്ധിതരാക്കാന്‍ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസിന് പദ്ധതിയില്ലെന്നും വിസാ കാലാവധി നീട്ടാന്‍ അവസരം നല്‍കുന്ന എസി-21 സെക്ഷന്‍ (104)സി വകുപ്പില്‍ മാറ്റം വരുത്തില്ലെന്നും യു.എസ്.സി.ഐ.എസ് മീഡിയ റിലേഷന്‍ ചീഫ് ജൊനാഥന്‍ വിതിങ്ടണ്‍ അറിയിച്ചു.

‘ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍’ എന്ന ഉത്തരവിന്റെ പോളിസിയിലും വ്യവസ്ഥകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും രാജ്യത്തെ ജോലി വിസകളെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും വിതിങ്ടണ്‍ കൂട്ടിച്ചേര്‍ത്തു. യു.എസ്.സി.ഐ.എസിന്റെ നീക്കത്തില്‍ ആഹ്ലാദമുണ്ടെന്നറിയിച്ച് നിരവധി ഇന്ത്യക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്റ്റുമടക്കമുള്ള അമേരിക്കയിലെ വമ്പന്‍ ഐടി കമ്പനിനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍’ എന്ന പദ്ധതിയുടെ ഭാഗമായിരുന്നു വിദേശ ജോലിക്കാരെ രാജ്യം വിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമം.
നിയമം നടപ്പാക്കിയിരുന്നുവെങ്കില്‍ 500,000 മുതല്‍ 750,000 വരെ ഇന്ത്യക്കാരെ ബാധിക്കുമായിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുക അമേരിക്കകാരെ ജോലിക്ക് വെക്കുക (ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍) എന്ന ട്രംപിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു എച്ച്-വണ്‍ ബി വിസാ പരിഷ്‌കരണം. ഉല്‍പാദനം വര്‍ധിപ്പിക്കാനും സ്വദേശികളുടെ ജോലി സാധ്യത വര്‍ധിപ്പിക്കാനുമായിരുന്നു ട്രംപിന്റെ നീക്കം.