‘എ.കെ.ജി യെ പോലെ ഒരു നേതാവിനെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല ബല്‍റാം’: വി.ടി.ബല്‍റാമിന് മറുപടിയുമായി വി.കെ ജോസഫ്‌

0
155

തിരുവനന്തപുരം: എ.കെ.ജി യുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാമിന് മറുപടിയുമായി പ്രശസ്ത സിനിമാ നിരൂപകന്‍ ശ്രീ.വി.കെ.ജോസഫും രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വി.കെ.ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ..
ശ്രീ ബല്‍റാം,
ഇന്നലെ പറഞ്ഞതിന്റെ ബാക്കി കുറച്ച് കാര്യം കൂടി പറയാം..
1974 ലെ റെയില്‍വേ സമരത്തെക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടാവുമോ എന്നറിയില്ല..
റെയില്‍വേ തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി എല്ലാ സ്ഥലങ്ങളിലും ഫണ്ട് പിരിക്കുന്നുണ്ടായിരുന്നു.. ISRO യില്‍ അസോസിയേഷന്‍ സമാഹരിച്ച ഫണ്ട് ഏറ്റു വാങ്ങാന്‍ എകെജി വരുന്നു..ഗേറ്റിനു പുറത്ത് ഒരു യോഗം പ്ലാന്‍ ചെയ്തു..എകെജിയെ കാത്ത് അസോസിയേഷന്‍ അംഗങ്ങള്‍ മാത്രമല്ല ഒരു വലിയ ആള്‍ക്കൂട്ടം കാത്ത് നില്‍ക്കുകയാണ്..അന്ന് ഡയറക്റ്റര്‍ ബ്രഹ്മ്പ്രകാശ് സ്ഥലത്തില്ല..അന്ന് ചുമതലയുണ്ടായിരുന്ന ഡോ. മുഖര്‍ജി ( ഒരു മഹാ വിവരദോഷി) എകെജിക്ക് ISRO യിലേക്ക് പ്രവേശനം നിഷേധിച്ച് 2 കി.മി അകലെയുള്ള സെക്യൂരിറ്റി ഗേറ്റില്‍ എകെജിയുടെ കാര്‍ തടഞ്ഞു..വിവരമറിഞ്ഞു രോഷാകുലരായ സംഘടന പ്രവര്‍ത്തകര്‍ സെക്യൂരിറ്റി സേനയെ തള്ളി മാറ്റി എകെജിയുടെ കാര്‍ മുകളിലേക്ക് കൊണ്ട് വന്നു.
ഓഫീസിനു പുറത്തുള്ള ബസ് സ്റ്റോപ്പില്‍ എകെജി പ്രസംഗിക്കാന്‍ തുടങ്ങവെ CISF സേന ലാത്തിച്ചാര്‍ജ് തുടങ്ങി..അവര്‍ എകെജിയെ ആണ്
മര്‍ദ്ദിക്കാന്‍ ലക്ഷ്യമിട്ടത്..ഈ സേനയിലുള്ളവരൊക്കെ വടക്കന്‍ സംസ്ഥനങ്ങളില്‍ നിന്നുള്ളവരാണ്..അവര്‍ക്കെന്ത് എകെജി..പക്ഷെ ഒരു മലയാളി പോലീസുദ്യോഗസ്ഥന്‍ ..മഹാ അഹങ്കാരിയും വിവര ദോഷിയും ആയിട്ടുള്ള dysp ആയിരുന്നു അന്ന് ചുമതലയുള്ള assistant commander.
വളരെ പെട്ടെന്ന് എകെജിയെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യ മതില്‍ ഉയര്‍ന്നു..അവരുടെ പുറത്ത് ലാത്തി വീണു കൊണ്ടിരുന്നു…അവരില്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് ബല്‍റാം..ഇങ്ങനെ ഉള്ള ഒരു കാഴ്ച ഞാന്‍ പിന്നെ കണ്ടിട്ടില്ല..isro ജീവനക്കാര്‍ 90 ശതമാനവും അന്ന് ചെറുപ്പമാണ്..ശരാശരി പ്രായം 25..30 ആയിരിക്കും..അവരെല്ലാവരും എകെജിക്കു വേണ്ടി മരിക്കാന്‍ പോലും തയ്യാറായി സെക്യൂരിറ്റി സേനയെ നേരിട്ടു.. അപ്പോള്‍ നേരത്തെ പറഞ്ഞ കമാണ്ടര്‍ ആകാശത്തേക്ക് വെടിവെച്ചു..പെട്ടെന്ന് എല്ലാവരെയും തള്ളിമാറ്റികൊണ്ട് എകെജി അയാളുടെ നെരേ നീങ്ങി..ധൈര്യമുണ്ടെങ്കില്‍ വെക്കടാ വെടി എന്ന് പറഞ്ഞു എകെജി ഷര്‍ട്ട് കീറി നെഞ്ച് കാട്ടി നിന്നു..എന്തിനും തയ്യാറായി നിന്ന ആളുകളെ എകെജി സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചു കൊണ്ട് ഗേറ്റില്‍ കുത്തിയിരുന്നു..പരിക്ക് പറ്റിയവരെ vssc medical clinicല്‍ കൊണ്ടുപോയി..പലരും സംഘടനാ അംഗങ്ങളോ അനുഭാവികളോ അല്ല.അവര്‍ എകെജി എന്ന വികാരത്തിനൊപ്പം , ആ മനുഷ്യന് വേണ്ടി ,അവരുടെ നേതാവിന് വേണ്ടി തല്ലു കൊണ്ടവരാണ് ബല്‍റാം..പക്ഷെ നിങ്ങള്‍ക്കിതൊന്നും മനസ്സിലാവില്ല..നിങ്ങള്‍ പരീക്ഷ എഴുതി ജയിച്ചു mla ആയ ആളാണ്..എകെജിയെ പോലുള്ളവര്‍ പരീക്ഷയും പഠിപ്പും ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണ്..അവര്‍ ഒളിവിലിരുന്നത് സ്ത്രീ പീഢനത്തിന് അറസ്റ്റ് ഭയന്നായിരുന്നില്ല.. വൈകുന്നേരം vssc യില്‍ നിന്ന് നഗരത്തിലേക്ക് ജീവനക്കാരെയും കൊണ്ട് പോകുന്ന എല്ലാ ബസ്സുകളും തടയപ്പെടുകയോ റദ്ദ് ചെയ്യുകയോ ചെയ്തു..ഒരു വലിയ സംഘം ആളുകള്‍ ഗേറ്റില്‍ എകെജിക്കു ചുറ്റിലും തന്നെ നിന്നു..സ്ഥിതി സംഘര്‍ഷ ഭരിതമാകുകയായിരുന്നു..എകെജിയെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും
വെടിവെപ്പുണ്ടാകുകയും ചെയ്തെന്ന വാര്‍ത്ത സമീപ സ്ഥലങ്ങളിലേക്കും നഗരത്തിലേക്കും പടര്‍ന്നു.. ദൂരെ നിന്ന് ആളുകള്‍ കൊളുത്തിയ പന്തങ്ങളും ചുരുട്ടിയ മുഷ്ടികളും ആയി ISRO യിലേക്ക് ഒരു പ്രേരണയും നിര്‍ദ്ദേശങ്ങളോ ഇല്ലാതെ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരുന്നു..
എകെജി ഗേറ്റില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി..കളക്റ്ററും സംഘവും വന്നു എകെജിയോട് സംസാരിക്കാന്‍..എകെജി വഴങ്ങുന്നില്ല..പുറത്ത് നിന്നുള്ള രോഷാകുലരായ ജനങ്ങള്‍ ISRO യുടെ നിരോധിത മേഖല കടന്നു കയറി വന്നാലുള്ള ഭവിഷ്യത്ത് മനസ്സിലാക്കി എകെജി തന്നെ യൂണിയന്‍ നേതാക്കളെ താഴേയുള്ള ഗേറ്റിലേക്ക് പറഞ്ഞയച്ചു..എകെജിക്ക് പരിക്കൊന്നും ഇല്ലെന്നും സുരക്ഷിതനാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎം നേതാക്കളും നഗരത്തില്‍ നിന്ന് വന്നു പുറത്തു നിന്നു. എകെജിയെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടു ഡല്‍ഹിയില്‍ നിന്നുമൊക്കെ വിളികള്‍ വന്നു..സമയം ഇരുട്ടി തുടങ്ങി..അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍ നിന്ന് തുടരെ വിളികള്‍ വന്നു..ഒടുവില്‍ ഇന്ദിരാഗാന്ധി വിവരമറിഞ്ഞു ..അവര്‍ നേരിട്ട് എകെജിയുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് എകെജിക്ക് സന്ദേശമെത്തിച്ചു .ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും എന്ന് എകെജിക്ക് ഉറപ്പു നല്‍കി..ഡല്‍ഹിയില്‍ നിന്ന് സിപിഎം നേതാക്കളും എകെജിയോട് സംസാരിച്ചു..
ഇങ്ങനെ ഒരു നേതാവിനെ നിങ്ങള്ക്ക് സങ്കല്പിക്കാനാവില്ല ബല്‍റാം..
22 വയസ്സുകാരനായ എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മ ആണിത്..എന്റെ ജീവിതത്തെ മാറ്റി മറിച്ചതും ഈ കാഴ്ചയും അനുഭവവും ആയിരുന്നു..ശ്രീ ബല്‍റാം, എല്ലാവരും പറയുന്നു നിങ്ങള്‍ നന്നായി വായിക്കുന്ന ആളാണെന്ന്..ഈ വായന നിങ്ങളെ ഒരു പൈങ്കിളി പൂവാലന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇതുവരെയും മോചിപ്പിച്ചിട്ടില്ല..ചരിത്രം രചിച്ച മഹാ പോരാളികളുടെ ജീവിതങ്ങളുടെ ,എകെജി, ഇഎംഎസ് ,ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ , വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കിയല്ല നമ്മള്‍ ചരിത്രം വായിക്കേണ്ടത്..താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഞാന്‍ രണ്ടു പുസ്തകം വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു..1. Love and Capital ( മാര്‍ക്‌സിന്റെ വ്യത്യസ്തമായ ഒരു ജീവചരിത്രം ആണ്)
2..My Life( Fidel Castro യുമായി ഒരു.പത്രപ്രവര്‍ത്തകന്‍ നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്നുണ്ടായ Castro യുടെ ജീവിതം ആണ്..)
ഇതിനൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ പിന്നെ പറയാം..തല്‍ക്കാലം നിര്‍ത്തുന്നു..
വികെ ജോസഫ്
8.01.2018