ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ആകാശയാത്ര

0
75

തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സർക്കാർ ആവർത്തിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമാകുന്നു. ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചാണ് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവന്നു. തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകൾ. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടർ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു.

സമ്മേളനത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വ്യക്തമാക്കിയശേഷം നടത്തിയ ആകാശയാത്ര സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ആകാശയാത്ര നടത്തിയതിനെ പ്രതിപക്ഷമായ കോൺഗ്രസ് വിമർശിചിരുന്നു

ഡിസംബര്‍ 26ന് തൃശൂര്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്നിന് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ച, തുടർന്ന് മന്ത്രിസഭാ യോഗം. വൈകിട്ട് 4.30ന് തിരികെ പാര്‍ട്ടി സമ്മേളന വേദിയിലേക്കുള്ള പറക്കൽ. ഈ മാസം റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് പണം നല്‍കുന്നതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാച്ചെലവ് പൊതുഭരണ വകുപ്പാണ് നല്‍കുന്നത്.