കമ്മ്യൂണിസ്റ്റുകാര്‍ തന്നെ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് നീതിയല്ലെന്ന് ജി.സുധാകരന്‍

0
73

കണ്ണൂര്‍: കമ്യൂണിസ്റ്റുകാര്‍ തന്നെ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതു നീതിയല്ലെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍. കണ്ണൂരില്‍ ഇരിണാവ് പാലത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയല്‍ക്കിളികള്‍ എന്ന് പേരിട്ട് കിളികളെ ആക്ഷേപിക്കുന്നു. കിളികള്‍ സമരത്തിനു പോവാറില്ല. വയല്‍ക്കിളികള്‍ സര്‍ക്കാരിനെതിരെ പറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്‍പാടം നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സമരം ചെയ്ത ‘വയല്‍ക്കിളി’ക്കൂട്ടത്തെക്കുറിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം വയല്‍ക്കിളിക്കൂട്ടത്തില്‍ പ്രവര്‍ത്തിച്ച 11 സിപിഎം അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും സമരത്തിന് മുന്നില്‍ നിര്‍ത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ഘടക പാര്‍ട്ടികള്‍ പോലും സമരത്തിനു വരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. വികസനത്തിനെത്തിരെ കലാപമുണ്ടാക്കി കേരളത്തെ അഫ്ഗാനിസ്ഥാന്‍ ആക്കാനുള്ള ശ്രമം ശക്തമായി തടയുമെന്നും തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി വികസനത്തിനു തടസ്സം നില്‍ക്കുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും സ്വീകാര്യമല്ലാത്ത വിവാദ പ്രസ്താവന ബല്‍റാം പിന്‍വലിക്കണമെന്നും വാദപ്രതിവാദങ്ങള്‍ ഒഴിവാക്കി മാപ്പ് പറയമണമെന്നും ജി.സുധാകരന്‍ ആവശ്യപ്പെട്ടു.