കര്‍ണാടകയില്‍ ബിജെപി-ജനതാദള്‍ സെക്യുലര്‍ ധാരണയില്ലെന്ന് കെ.കൃഷ്ണന്‍കുട്ടി

0
68

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കര്‍ണാടക രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ രൂപപ്പെട്ടുവരുന്ന ജനതാദള്‍ സെക്യുലര്‍-ബിജെപി തിരഞ്ഞെടുപ്പ് ധാരണകള്‍ നിഷേധിച്ച് ജനതാദള്‍ സെക്യുലര്‍ സംസ്ഥാന പ്രസിഡന്റ്റ് കെ.കൃഷ്ണന്‍കുട്ടി രംഗത്ത്.

കര്‍ണാടകയില്‍ ജനതാദള്‍ സെക്യുലര്‍-ബിജെപി ധാരണയില്ലെന്ന് കെ.കൃഷ്ണന്‍കുട്ടി 24 കേരളയോടു പറഞ്ഞു. അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് ധാരണയും ജനതാദള്‍ സെക്യുലര്‍ ബിജെപിയുമായി ഉണ്ടാക്കിയിട്ടില്ല.

അങ്ങിനെ ഒരു ധാരണ നിലവില്‍ വരാനുള്ള ഒരു സാധ്യതയും നിലവിലില്ല. മേയില്‍ വരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വന്ന ശേഷം ഇത്തരമൊരു ധാരണയ്ക്ക് സാധ്യതയുണ്ടെന്നു 24 കേരള റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 കേരളയുടെ വാര്‍ത്തയോടുള്ള പ്രതികരണം എന്ന നിലയിലാണ് ഈ തിരഞ്ഞെടുപ്പ് ധാരണകള്‍ കൃഷ്ണന്‍കുട്ടി തള്ളിക്കളഞ്ഞത്.

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങള്‍ ഉള്ളത് ജനതാദള്‍ സെക്യുലറില്‍ ആണ്. അതുകൊണ്ട് തന്നെ ബിജെപിയുമായി ഒരു ധാരണ വരുമ്പോള്‍ ജനതാദള്‍ ഈ കാര്യങ്ങള്‍ പരിഗണിക്കും. നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇത്തരമൊരു ധാരണയ്ക്ക് സാധ്യതയില്ല. ബിജെപിയുമായി ഒരു ധാരണ വരികയാണെങ്കില്‍  കര്‍ണ്ണാടകയില്‍ മുസ്ലിം വിഭാഗങ്ങള്‍ ജനതാദളുമായി അകലും. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ മുസ്ലിം വിഭാഗങ്ങളെ പിണക്കി ഇത്തരമൊരു നീക്കം ജനതാദള്‍ സെക്യുലര്‍ നടത്തില്ല-കൃഷ്ണന്‍കുട്ടി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി-ജനതാദള്‍ സെക്യുലര്‍ ധാരണ കര്‍ണാടകയില്‍ വന്നാല്‍ കേരളത്തിലെ ജനതാദള്‍ സെക്യുലര്‍ ഘടകം പ്രതിസന്ധിയിലാകും. ഈ കാര്യം ചോദിച്ചപ്പോള്‍ പക്ഷെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ കൃഷ്ണന്‍കുട്ടി തയ്യാറായില്ല. കര്‍ണാടകയില്‍ അത്തരമൊരു ധാരണ വരാനുള്ള സാധ്യത താന്‍ തള്ളിക്കളയുന്നു എന്ന് മാത്രമായിരുന്നു പ്രതികരണം.

കര്‍ണാടകയില്‍ മുമ്പൊരിക്കല്‍ ജനതാദള്‍ സെക്യുലര്‍-ബിജെപി സഖ്യം വരികയും ദേവഗൗഡയുടെ മകന്‍ എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. പിന്നീട് ഈ സഖ്യം അലസിപ്പിരിഞ്ഞു. ധാരണ
പ്രകാരം കാലാവധി കഴിഞ്ഞപ്പോള്‍ ബിജെപി നേതാവ് യെഡിയൂരപ്പയ്ക്ക് അധികാരം കൈമാറാന്‍ കുമാരസ്വാമി തയ്യാറായില്ല.

ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വന്ന സഹതാപ തരംഗമാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത്‌, കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വരാനും യെദിയൂരപ്പ മുഖ്യമന്ത്രിയാകാനും കാരണമായത്. ഇപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി-ദള്‍ രഹസ്യ ധാരണ നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടകയില്‍ ബിജെപി ധാരണ വന്നപ്പോഴും കേരളത്തിലെ ജനതാദള്‍ ഘടകം പ്രതിസന്ധി നേരിട്ടിരുന്നു. നിലവില്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ് ജനതാദള്‍ സെക്യുലര്‍. ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ്‌ മന്ത്രിയായി ഇടതുമുന്നണിയിലുമുണ്ട്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍  ജനതാദള്‍-സെക്യുലര്‍-ബിജെപി ധാരണ വരരുതെന്ന് കേരളത്തിലെ പാര്‍ട്ടി ഘടകം ആഗ്രഹിക്കുന്നു. അത് കൃഷ്ണന്‍കുട്ടിയുടെ വാക്കുകളില്‍ തെളിയുന്നുമുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം ബിജെപി-ദള്‍ ധാരണ വന്നാല്‍ കേരളത്തിലെ ദള്‍ ഘടകം പ്രതിസന്ധി നേരിടും. അതുകൊണ്ട് തന്നെ കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ വീക്ഷിക്കുകയാണ് കേരളത്തിലെ ജനതാദള്‍ ഘടകം.