കേരളത്തില്‍ ഭരണ സ്തംഭനം: എം.ടി രമേശ്‌

0
54

തിരുവനന്തപുരം: കേരളത്തില്‍ ഭരണസ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ പി.എസ്.സി ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന് താല്പര്യമെന്നും രമേശ് പറഞ്ഞു. യുവജനങ്ങളുടെ ജോലി സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തൊഴില്‍ സാധ്യതകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് പി.എസ്.സി പറയുന്നതെന്നും ഇത് സര്‍ക്കാര്‍ യുവാക്കളോട് കാണിക്കുന്ന ക്രൂരതയാണെന്നും എം.ടി രമേശ് പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.എസ്.സി- സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക, എല്‍.ഡി, ലാസ്റ്റ് ഗ്രേഡ്, കെഎസ്ആര്‍ടിസി തുടങ്ങി മുഴുവന്‍ റാങ്ക് ലിസ്റ്റുകളിലും നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

പ്ലാമൂട് നിന്നാരംഭിച്ച മാര്‍ച്ച് പി.എസ്.സി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍, സതീഷ്, രാഗേന്ദു, നന്ദു, ഷിജുമോന്‍, പ്രശാന്ത്, വിഷ്ണു എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി.