ജനിതരേഖകളുടെ ഹര്‍ ഗോബിന്ദ് ഖൊരാന

0
74

നമ്മെ നാമാക്കുന്നതില്‍ ജീനുകള്‍ക്കുള്ള പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതില്‍ പ്രമുഖനായ ഹര്‍ ഗോബിന്ദ് ഖൊരാനയുടെ 96ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിള്‍.

1968ല്‍ ജനിതരേഖകളെക്കുറിച്ചും പ്രോട്ടീന്‍ സിന്തസിസിലുള്ള അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള പഠനത്തിന് റോബര്‍ട്ട് ഹൊല്ലി, മാര്‍ഷാള്‍ നിറെന്‍ബെര്‍ഗ് എന്നിവരോടൊപ്പം ഫിസിയോളജി/ മെഡിസിന്‍ നൊബേല്‍ ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഈ കണ്ടുപിടിത്തത്തിലൂടെ ജീവശാസ്ത്രത്തിലെ അടിസ്ഥാന തത്വം അവര്‍ കണ്ടുപിടിച്ചു.(ജനിതക നിര്‍ദ്ദേശ മാനുവല്‍ ആയ ഡിഎന്‍എയില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ പ്രോട്ടീനുകളുടെ ഭാഷയായി അതായത് ആര്‍എന്‍എയായി വിവര്‍ത്തനം ചെയ്യപ്പെടുന്നു.)

വളരെ സാധാരണ രീതിയിലാണ് ഖൊരാനയുടെ ലോക പ്രശസ്തനായ ശാസ്ത്രജ്ഞനായുള്ള വളര്‍ച്ചയുണ്ടായത്. 1922ല്‍ റായ്പുറിലാണ് ഖൊരാന ജനിച്ചത്. ഇന്ന് പാകിസ്ഥാനിലാണ് ഈ പ്രദേശം.

ഗ്രാമത്തില്‍ വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹത്തിന് ശാസ്ത്രവിഷയങ്ങളില്‍ പ്രത്യേക താല്പര്യങ്ങള്‍ ഉണ്ടായിരുന്നു. ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ രസതന്ത്രം സ്‌കോളര്‍ഷിപ്പോടെ പഠിക്കാനായി അദ്ദേഹത്തിന് അവസരം കിട്ടി. ലാഹോറില്‍ തന്നെ ഉപരിപഠനം തുടര്‍ന്ന ഖൊരാന പിന്നീട് കാര്‍ബണിക രസതന്ത്രത്തില്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

മാഡിസണില്‍ വിസ്‌കണ്‍സിന്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന സമയത്ത് കോശങ്ങള്‍ ആര്‍എന്‍എ ഭാഷ വ്യാഖ്യാനിക്കുന്നതെങ്ങനെ എന്ന് കണ്ടെത്തി. ഘടനയെ സൂചിപ്പിക്കുന്ന എ, സി, യു, ജി എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് എന്‍സൈമുകളുടെ സഹായത്തോടെ ശ്രേണികള്‍ സൃഷ്ടിച്ചു. ഒരു പ്രത്യേക ശ്രേണിയില്‍ ക്രോഡീകരിച്ച് കൊണ്ട് ഖൊരാന ഉള്‍പ്പെടുന്ന ശാസ്ത്രജ്ഞരുടെ സംഘം മൂന്ന് അക്ഷരങ്ങളുള്ള 64 വാക്കുകളായി ജനിതകരേഖകളെ ‘കോഡോണ്‍സ്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ആര്‍എന്‍എ കോഡ് ടേബിള്‍

പിന്നീട് ഖോരാന സിന്തറ്റിക് ജീന്‍ നിര്‍മ്മിച്ച് ജീവനുള്ള ബാക്ടീരിയയില്‍ നിക്ഷേപിച്ചു. മനുഷ്യനിര്‍മ്മിതമായ ആ അവയവഘടന ജൈവസാങ്കേതിക വിദ്യയുടെ നാഴികക്കല്ലായി മാറി. അടുത്തിടെ പരീക്ഷിച്ചു വിജയം കണ്ട ജീന്‍ എഡിറ്റിങ് എന്ന സാങ്കേതിക വിദ്യയായ CRISPR/Cas9 വ്യവസ്ഥയുടെയും അടിസ്ഥാനം ഇതായിരുന്നു.

ഖൊരാന 1966ല്‍ അമേരിക്കന്‍ പൗരത്വം നേടി. 1970 മുതല്‍ എംഐടിയില്‍ അധ്യാപകനായ അദ്ദേഹം 2007ല്‍ വിരമിച്ചു.

പ്രസിദ്ധി ആഗ്രഹിക്കാത്ത എളിയ മനുഷ്യനായിരുന്നു ഖൊരാനയെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ശാസ്ത്രവിഷയങ്ങളോടുള്ള ജിജ്ഞാസ അദ്ദേഹം എന്നും നിലനിര്‍ത്തിയരുന്നു. മരണാസന്നനായി ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും അയാള്‍ ഗ്ലൂക്കോസിനെപ്പറ്റിയും തലച്ചോറിനെപ്പറ്റിയും സംസാരിച്ചു കൊണ്ടിരുന്നു. 2011 നവംബര്‍ 9ന് ഖൊരാന അന്തരിച്ചു.