തോല്പിച്ചത് ബാറ്റ്‌സ്മാന്‍മാര്‍; പ്രതീക്ഷ നല്‍കി ഹാര്‍ദിക് പാണ്ഡ്യയും ഫാസ്റ്റ് ബൗളര്‍മാരും

0
124


കെ.ശ്രീജിത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തോറ്റുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പര്യടനം തുടങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും അന്തിമഫലം തോല്‍വിയായിരുന്നു. ഒരുപക്ഷെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ജയിക്കാമായിരുന്ന സുവര്‍ണാവസരമാണ് കൈയില്‍ നിന്ന് വഴുതിപ്പോയത്.

ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഉജ്ജ്വലമായ പന്തെറിഞ്ഞ് ടെസ്റ്റില്‍ നിര്‍ണായക സമയത്തെല്ലാം മേല്‍ക്കൈ നേടിയെടുത്തെങ്കിലും ബാറ്റ്‌സ്മാന്‍മാരും ഫീല്‍ഡര്‍മാരും അതെല്ലാം കളഞ്ഞുകുളിക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടിന്നിങ്‌സിലും മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പൂര്‍ണപരാജയമായിരുന്നു. ഓപ്പണര്‍മാരും പിന്നീടുവന്ന സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും തങ്ങളുടെ കഴിവിനോട് ഒട്ടും നീതി പുലര്‍ത്തിയില്ല. ഒന്നാമിന്നിങ്‌സില്‍ മധ്യനിരയില്‍ ആക്രമിച്ചുകളിച്ച് ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്തം പുലര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ബാറ്റിങ് മറന്ന മുന്‍നിര
മത്സരത്തിന്റെ രണ്ടിന്നിങ്‌സിലും ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാരും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. ലോകത്തിലെ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും ഇന്ത്യയുടെ ക്യാപ്റ്റനുമായ വിരാട് കോഹ് ലിയും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കളി കണ്ടറിയണമെന്ന് മുന്‍വിധിയോടെ ചിന്തിച്ചിരുന്നവര്‍ പോലും കോഹ് ലിയില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെയെല്ലാം കോഹ് ലി നിരാശരാക്കി.

വേഗതയേറിയ പിച്ചുകളില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു രണ്ടാമിന്നിങ്‌സില്‍ രോഹിത് ശര്‍മ കഗീസോ റബാദയെ പുള്‍ ചെയ്ത നിമിഷം. കാഴ്ചയില്‍ തന്നെ വികൃതമായ ഒരു പുള്‍ ഷോട്ട് ആയിരുന്നു അത്. പന്ത് വായുവില്‍ കുത്തനെ ഉയര്‍ന്നുപൊങ്ങിയെങ്കിലും വളരെ എളുപ്പമായിരുന്ന ഒരു ക്യാച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് വിട്ടുകളഞ്ഞത് രോഹിതിനെ രക്ഷപ്പെടുത്തി. എന്നാല്‍ ആ ഷോട്ട് എത്രമാത്രം അപഹാസ്യമായിരുന്നുവെന്ന് അപ്പോള്‍ കമന്ററി ബോക്‌സിലുണ്ടായിരുന്ന ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറയുന്നുണ്ടായിരുന്നു. വേഗത കുറഞ്ഞ, സ്പിന്നിന് അനുകൂലമായ, ബാറ്റ്‌സ്മാന്‍മാരുടെ സ്വര്‍ഗമായ ഇന്ത്യന്‍ പിച്ചുകളില്‍ ഫ്രണ്ട്ഫൂട്ടില്‍ മാത്രം കളിച്ച് ശീലിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു പന്ത് പുള്‍ ചെയ്യാന്‍ പാകത്തില്‍ ബാക്ക്ഫൂട്ടിലേയ്ക്ക് പോകാന്‍ കഴിയാത്തതിനെക്കുറിച്ചായിരുന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍ മാത്രം ഗംഭീര ബാറ്റിങ് കാഴ്ചവെയ്ക്കുന്ന രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം ആ നിരീക്ഷണം വളരെ കൃത്യമായിരുന്നു. അതിവേഗതയുള്ള വിദേശ പിച്ചുകളില്‍ എങ്ങിനെ കളിക്കണമെന്നറിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുന്നത് കാണുന്നത് തന്നെ നാണക്കേടായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍
ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന കാര്യം ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വളര്‍ച്ചയാണ്. ഏഷ്യന്‍ ഉപഭൂഖണ്ഡങ്ങളിലെ പിച്ചുകളില്‍ മാത്രമല്ല, ഏറ്റവും വേഗതയേറിയ വിദേശ പിച്ചുകളിലും ബാറ്റ് ചെയ്യാനുള്ള സാങ്കേതികത്തികവ് തനിക്കുണ്ടെന്ന് പാണ്ഡ്യ തെളിയിച്ചു. അതുമാത്രമല്ല സ്വന്തം ടീം വിയര്‍ക്കുമ്പോള്‍ ആക്രമിച്ചുകളിച്ച് എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ ഹാര്‍ദിക് കാണിച്ച മിടുക്കാണ് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. ആ ഒരു മനോനില പ്രകിപ്പിക്കുന്ന ഏത് കളിക്കാരനും ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ്.

വരുന്നതുവരട്ടെ, മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ല എന്ന ലളിതമായ, അതേസമയം ശക്തമായ ശൈലി ഒരു ചെറുപ്പക്കാരന്‍ പിന്തുടരുന്നത് കാണുമ്പോള്‍ അത് ആരെയും ആകര്‍ഷിക്കും. ഇത് തന്നെയാണ് ഒന്നാമിന്നിങ്‌സില്‍ പാണ്ഡ്യ കാണിച്ചുതന്നതും. ബാറ്റിങ് തീര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി അവര്‍ക്ക് തടയിട്ടതും ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരുന്നു. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും പാണ്ഡ്യ മികച്ച കളി തന്നെയാണ് പുറത്തെടുത്തത്.

അവസരം മുതലാക്കിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍
മത്സരത്തില്‍ ഒരുതരത്തിലുള്ള വിമര്‍ശനങ്ങളും അര്‍ഹിക്കാത്ത പ്രകടനമായിരുന്നു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടേത്. ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ സെഷനില്‍ത്തന്നെ ഭൂവനേശ്വര്‍കുമാര്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിത്തന്നിരുന്നു. വെറും 12 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പവലിയിനിലേയ്ക്ക് തിരിച്ചയച്ച കുമാര്‍ അവരെ ആശങ്കയിലാക്കിയിരുന്നു. സ്വിങും സീം മൂവ്‌മെന്റുമുള്ള പിച്ചുകളില്‍ ഭൂവനേശ്വര്‍ കുമാറിന്റെ ബൗളിങ് കാണുക ആനന്ദദായകമാണ്. ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കാന്‍ കുമാറിന് നന്നായി കഴിയാറുണ്ട്. എന്നാല്‍ പിന്നീട് ഡീവില്ലിയേഴ്‌സും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ആക്രമിച്ചുകളിച്ച് മേല്‍ക്കൈ തിരിച്ചുപിടിക്കുകയായിരുന്നു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയെപ്പോലെ ശക്തമായ ബാറ്റിങ് നിരയുള്ള ടീമിനെ ഒന്നാമിന്നിങ്‌സില്‍ 286 റണ്‍സിലൊതുക്കിയത് തീര്‍ച്ചയായും മികച്ച ബൗളിങ് പ്രകടനം തന്നെയാണ്.

മൂന്നാം ദിനം മഴ കാരണം കളി പൂര്‍ണമായി ഉപേക്ഷിച്ച സാഹചര്യത്തില്‍ നാലാം ദിനം ഏറെ നിര്‍ണായകമായിരുന്നു. രണ്ടിന് 65 എന്ന നിലയില്‍ കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ഉഗ്രസ്വരൂപം കണ്ട് വിറച്ചുപോയിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുന്നില്‍ നിന്ന് നയിച്ച ആദ്യ സെഷനില്‍ 65 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ വെറും 130 റണ്‍സിന് ചുരുട്ടിക്കെട്ടിയിരുന്നു. ലോകനിലവാരത്തിലുള്ള ഫാസ്റ്റ് ബൗളിങാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ചിലപ്പോഴൊക്കെ ബാറ്റ്‌സ്മാന്‍മാര്‍ ഇവരുടെ പന്ത് കളിക്കാന്‍ തന്നെ ബുദ്ധിമുട്ടി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ പുറത്താക്കിയ ബുംറയുടെ പന്ത് അതിന് ഉദാഹരണമാണ്. 208 റണ്‍സിന്റെ വിജയലക്ഷ്യം മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നല്‍കി ഈ ഘട്ടത്തില്‍ മേല്‍ക്കൈ സ്ഥാപിക്കുന്നതില്‍ ബൗളര്‍മാര്‍ പൂര്‍ണമായും വിജയിച്ചിരുന്നു. ബൗളര്‍മാര്‍ അവരുടെ ജോലി അഭിനന്ദനാര്‍ഹമാംവിധം ചെയ്തുതീര്‍ത്തു എന്നര്‍ത്ഥം.

ഡിവില്ലിയേഴ്‌സ് – ഇരുടീമുകള്‍ക്കുമിടയിലെ വ്യത്യാസം
എ.ബി.ഡിവില്ലിയേഴ്‌സ് മറ്റൊരു ക്ലാസില്‍പ്പെട്ട താരമാണ് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ ക്ലാസ് വേറെയാകുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായും തെളിയിക്കപ്പെട്ട മത്സരമായിരുന്നു ഇത്. ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ അരമണിക്കൂറില്‍ത്തന്നെ ദക്ഷിണാഫ്രിക്ക മൂന്നിന് 12 എന്ന നിലയിലേയ്ക്ക് വീണിരുന്നു. എന്നാല്‍ ആക്രമിച്ചുകളിച്ച് അതിവേഗം റണ്‍ അടിച്ചുകൂട്ടിയ ഡിവില്ലിയേഴ്‌സ് മേധാവിത്തം ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചുനല്‍കി.

സിംഗിളുകള്‍ നേടുന്നതിനേക്കാള്‍ ബൗണ്ടറികള്‍ നേടുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ആ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍നിരക്ക് നാലിന് മീതെയായിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഡിവില്ലിയേഴ്‌സ് എതിര്‍ടീമിന് ചിന്തിക്കാന്‍ പോലും അവസരം നല്‍കാത്ത വിധം വേഗത്തിലാണ് കാര്യങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് ലോകത്തില്‍ ഏത് ബൗളര്‍ക്കും ഡിവില്ലിയേഴ്‌സ് പേടിസ്വപ്‌നമാകുന്നതെന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണത്തിന്റെ ആവശ്യമില്ല. ആദ്യ ദിവസം ആദ്യ സെഷനില്‍ ഡിവില്ലിയേഴ്‌സ് നടത്തിയ ഈ പ്രത്യാക്രമണമാണ് നിര്‍ണായകമായതെന്ന് അന്തിമ വിശകലനത്തില്‍ കാണാം.

സ്റ്റെയിനിനെ നഷ്ടപ്പെട്ടിട്ടും പതറാതെ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാര്‍
ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ അടങ്ങുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. ഈ മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പരിക്ക് കാരണം രണ്ടാമിന്നിങ്‌സില്‍ ഡെയ്ല്‍ സ്റ്റെയിനിനെ നഷ്ടപ്പെട്ടിട്ടും വെര്‍ണന്‍ ഫിലാന്‍ഡര്‍, മോര്‍ണെ മോര്‍ക്കല്‍, കഗീസോ റബാദ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ നിലംപരിശാക്കി. ടീമിന്റെ ഏറ്റവും മികച്ച ബൗളറെ നഷ്ടപ്പെട്ടിട്ടും അവര്‍ പതറിയില്ല. പകരം കൂടുതല്‍ അധ്വാനിച്ച്, കൃത്യതയോടെ പന്തെറിഞ്ഞ് ആ വിടവ് നികത്തുകയായിരുന്നു ആ മൂന്ന് പേരും ചെയ്തത്.

എല്ലാവരും ഫാസ്റ്റ് ബൗളര്‍മാരാണെങ്കിലും അവരിലെ വൈവിധ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ശക്തിയാകുന്നത്. കൃത്യതയോടെ, പിച്ചിലെ ശരിയായ ഇടങ്ങളില്‍, പ്രത്യേകിച്ചും ഓഫ് സ്റ്റംപില്‍ മാത്രം പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്‍മാരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന ബൗളറാണ് ഫിലാന്‍ഡര്‍. മോര്‍ക്കലാകട്ടെ തന്റെ ഉയരം പൂര്‍ണമായും ഉപയോഗപ്പെടുത്തി, നേരിയ തോതില്‍ സ്വിങ് ചെയ്യിച്ച് പന്തെറിയുന്നു. ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് അദ്ദേഹം ബൗണ്‍സര്‍മാര്‍ എറിയുന്നത്. റബാദയാകട്ടെ ചെറുപ്പത്തിന്റെ എല്ലാ സാഹസികതയുമുള്ള ബൗളറും. അദ്ദേഹത്തിന്റെ പന്തുകളുടെ വേഗതയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. ഇടുപ്പെല്ലിന് നേരെ പാഞ്ഞുവരുന്ന പന്തുകള്‍ കളിക്കാനും ഒഴിഞ്ഞുമാറാനുമാകാതെ ബാറ്റ്‌സ്മാന്‍മാര്‍ പരുങ്ങുകയായിരുന്നു.

സ്ലിപ്പ് ഫീല്‍ഡിങിന്റെ നിലവാരം
ഈ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഇരു ടീമുകളുടെയും സ്ലിപ്പ് ഫീല്‍ഡിങിന്റെ നിലവാരമായിരുന്നു. ഒരുപരിധി വരെ ഇന്ത്യയെ കളി തോല്പിച്ചത് അവരുടെ സ്ലിപ്പ് ഫീല്‍ഡിങായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയെ കളി ജയിക്കാന്‍ വലിയ തോതില്‍ സഹായിച്ചത് ഡിവില്ലിയേഴ്‌സും ഡുപ്ലെസിയും അടങ്ങുന്ന സ്ലിപ്പ് ഫീല്‍ഡിങിന്റെ നിലവാരമായിരുന്നു. അസാധാരണമാം വിധം നിലവാരം പുലര്‍ത്തിയ ക്യാച്ചുകളായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരങ്ങളെടുത്തതെങ്കില്‍ നിസാരമായ ക്യാച്ചുകളാണ് ഇന്ത്യന്‍ സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സില്‍ ക്രീസിലെത്തിയ ഉടന്‍ വാലറ്റക്കാരനായ കേശവ് മഹാരാജ് നല്‍കിയ നിസാര ക്യാച്ച് ശിഖര്‍ ധവാന്‍ വിട്ടുകളഞ്ഞിരുന്നു. പിന്നീട് 35 റണ്‍സ് നേടിയാണ് മഹാരാജ് പുറത്തായത്. അദ്ദേഹം മറ്റുള്ളവരുമായി കൂട്ടുചേര്‍ന്ന് നേടിയ റണ്‍സ് വേറെയും. ഒരുപരിധി വരെ ഇന്ത്യയെ തോല്പിച്ചത് ശിഖര്‍ ധവാന്‍ വിട്ടുകളഞ്ഞ ഈ ക്യാച്ചായിരുന്നു. കളിയ്ക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു. കിട്ടിയ ക്യാച്ചുകളെടുത്തിരുന്നെങ്കില്‍ ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 220 റണ്‍സിനുള്ളില്‍ പുറത്താക്കാമായിരുന്നു എന്നായിരുന്നു കോഹ് ലി പറഞ്ഞത്. അങ്ങിനെ നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കൂടുതലായി നേടിയത് 66 റണ്‍സ്. ഇന്ത്യ തോറ്റതാകട്ടെ 72 റണ്‍സിനും!

രഹാനെയും രാഹുലും പവിലിയനിലിരുന്നിട്ട് കാര്യമുണ്ടോ?
അടുത്ത ടെസ്റ്റിന് തയ്യാറാകുമ്പോള്‍ ഇന്ത്യ ഒട്ടേറെ കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മുന്‍നിര ബാറ്റിങിന്റെ കാര്യത്തില്‍. അജിന്‍ക്യ രഹാനെയെപ്പോലെ വിദേശത്ത് ഉജ്ജ്വലമായി കളിക്കുന്ന, ഒരുപക്ഷെ ടീമിലെ ഏറ്റവും സാങ്കേതികത്തികവ് നിറഞ്ഞ ബാറ്റ്‌സ്മാനെ പവലിയിനില്‍ ഇരുത്തണോ വേണ്ടയോ എന്ന കാര്യം ഇന്ത്യ ചിന്തിച്ചേ മതിയാകൂ. സാങ്കേതികമായ ദൗര്‍ബല്യങ്ങളുള്ള രോഹിത് ശര്‍മയെ കളിപ്പിച്ച് രഹാനെയെ ഡ്രസിങ് റൂമിലിരുത്തുന്നത് സാമാന്യബോധമുള്ളവര്‍ക്ക് സംശയമുണ്ടാക്കുന്ന തീരുമാനമാണ്.

മറ്റൊന്ന് കെ.എല്‍.രാഹുലിന്റെ കാര്യം. മുന്‍നിരയില്‍ ആക്രമണോത്മക സമീപനം സ്വീകരിക്കുന്ന ബാറ്റ്‌സ്മാനാണ് രാഹുല്‍. പ്രത്യേകിച്ചും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടുന്ന കാര്യത്തില്‍. ഇക്കാര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും രാഹുലും ഒരേ മനോനില പ്രകടമാക്കുന്നവരാണ്. കളിയുടെ ആദ്യഘട്ടത്തില്‍ത്തന്നെ മേധാവിത്തം സ്ഥാപിക്കാന്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടി പെട്ടെന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷെ ഈ ടെസ്റ്റില്‍ ഡീവില്ലിയേഴ്‌സ് നേടിയ പോലെ വളരെ പെട്ടെന്ന് അമ്പതോ അറുപതോ റണ്‍സ് നേടുന്നത് കളിയില്‍ വലിയ വ്യത്യാസമുണ്ടാക്കും. ആ നിലയ്ക്ക് അടുത്ത ടെസ്റ്റില്‍ തീര്‍ച്ചയായും രാഹുലിനെ കൂടി ഇന്ത്യ പരിഗണിച്ചേ മതിയാകൂ.

ഇതുമാത്രമല്ല രഹാനെ മികച്ച സ്ലിപ്പ് ഫീല്‍ഡര്‍ കൂടിയാണെന്ന കാര്യം ഇന്ത്യ മറക്കരുത്. ഒരുപക്ഷെ രാഹുല്‍ ദ്രാവിഡിന് ശേഷം സ്ലിപ്പില്‍ ഇത്രമാത്രം ഗംഭീരമായി ക്യാച്ചുകളെടുക്കുന്ന മറ്റൊരു താരമില്ല. പലപ്പോഴും വിക്കറ്റ് കീപ്പറാകാറുള്ള രാഹുലും സ്ലിപ്പില്‍ മോശമാകാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പറാകുന്ന ഒരാളുടെ ‘റിഫ്‌ളക്‌സ് ആക്ഷന്‍’ തീര്‍ച്ചയായും മെച്ചപ്പെട്ടതായിരിക്കും എന്ന കാര്യം കൂടി ഇന്ത്യ പരിഗണിക്കണം.

വിക്കറ്റിനുപിന്നില്‍ ഉജ്ജ്വല പ്രകടനവുമായി സാഹ
ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി പത്ത് ക്യാച്ചെടുത്ത് റെക്കോഡിട്ട വൃദ്ധിമാന്‍ സാഹയുടെ പ്രകടനം തീര്‍ച്ചയായും ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച, സാങ്കേതികത്തികവുള്ള വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തന്നെയാണ്. ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ആദ്യ ‘ചോയ്‌സ്’ സാഹയാണ് താനും. കോഹ് ലി അത്രമാത്രം പ്രതീക്ഷയാണ് സാഹയില്‍ വെച്ച് പുലര്‍ത്തിയിട്ടുള്ളത്. അതിനൊത്ത പ്രകടനം തന്നെയാണ് സാഹ വിക്കറ്റിന് പിന്നില്‍ കാഴ്ചവെച്ചിട്ടുള്ളതും.

എന്നാല്‍ ഈ മികവ് ബാറ്റിങില്‍ കൂടി കാഴ്ച വെച്ചാല്‍ ഇന്ത്യയ്ക്കത് വലിയ ആശ്വാസമാകും. സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ തന്നെയാണ് സാഹ. ആക്രമണോത്സുകതയും അദ്ദേഹത്തിന്റെ പ്രത്യേകതയായതിനാല്‍ ബാറ്റിങ് മെച്ചപ്പെടുത്തുന്നതിന് ടീമിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ‘ഫേവറിറ്റു’കളായ കളിക്കാരാണ് ഹാര്‍ദിക് പാണ്ഡ്യയും വൃദ്ധിമാന്‍ സാഹയും. അത് അദ്ദേഹം എപ്പോഴും തുറന്നുപറയുന്നതുമാണ്. ആ നിലയ്ക്ക് അവര്‍ ഇരുവരും ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന യാഥാര്‍ത്ഥ്യം കോഹ് ലിയ്ക്ക് ആശ്വാസം പകരുന്നുണ്ടാകണം.