‘ഫസ്റ്റ് സെക്രട്ടറി’ പദവി പിന്‍വലിച്ചു: ബ്രിട്ടനില്‍ മുഖം മിനുക്കി തെരേസ മേ മന്ത്രിസഭ

0
62
TOPSHOT - New Conservative Party leader Theresa May waves to members of the media as she leaves 10 Downing Street in London on July 12, 2016, atfer attending Prime Minister David Cameron's last Cabinet meeting. David Cameron chaired his final cabinet meeting on Tuesday after six years as Britain's prime minister, with incoming premier Theresa May preparing to form a new government to deliver Brexit. / AFP PHOTO / OLI SCARFF

ലണ്ടന്‍: മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഒഴിവുകള്‍ നികത്തിയും മുഖം മിനുക്കി ബ്രിട്ടനിലെ തെരേസ മേ മന്ത്രിസഭ. ഇത് മൂന്നാം തവണയാണ് കാബിനറ്റ് പുനസംഘടിപ്പിച്ച് തെരേസ രംഗത്തെത്തുന്നത്. ഒരു വര്‍ഷത്തിനിടെ മൂന്നാം വട്ടം മുഖം മിനുക്കിയ മന്ത്രിസഭയിലെ വകുപ്പ് മാറ്റത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിങ് രാജിവെച്ചത് പുനസംഘടനയുടെ പകിട്ട് ഒരല്പം കുറച്ചിട്ടുണ്ട്. വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഡാമിയന്‍ ഹിന്‍ഡ്‌സാണു പുതിയ വിദ്യാഭ്യാസ സെക്രട്ടറി. എസ്‌തേര്‍ മക്വെയെ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായി നിയമിച്ചു.

ആരോഗ്യ കാരണങ്ങളാല്‍ ഇന്നലെ രാവിലെ രാജിവച്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ജയിംസ് ബ്രോക്കണ്‍ഷെയറിനു പകരം കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന കരേന്‍ ബ്രാഡ്‌ലി പുതിയ മന്ത്രിയായി. പുതിയ കള്‍ച്ചറല്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ചുമതലയേറ്റു.

ജസ്റ്റിസ് സെക്രട്ടറിയായിരുന്ന ഡേവിഡ് ലിഡിലിങ്ടനാണ് കാബിനറ്റ് ഓഫിസിന്റെ ചുമതലയുള്ള പുതിയ മന്ത്രി. ഫസ്റ്റ് സെക്രട്ടറിയുടെ ചുമതലകളെല്ലാം ഡേവിഡിനു ലഭിക്കുമെങ്കിലും പ്രധാനമന്ത്രിയുടെ ഡപ്യൂട്ടി എന്നര്‍ഥം വരുന്ന ‘ഫസ്റ്റ് സെക്രട്ടറി’ എന്ന പദവിയില്ല. ലൈംഗികാരോപണത്തില്‍ കുടുങ്ങി രാജിവച്ച ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍ വഹിച്ചിരുന്ന ചുമതലകളെല്ലാം ഡേവിഡിനാണ്. വിവിധ ബ്രെക്‌സിറ്റ് കമ്മിറ്റികളുടെ ചുമതലകളും ഇതില്‍ ഉള്‍പ്പെടും. ഡേവിഡ് ലിഡിലിങ്ടണ്‍ വഹിച്ചിരുന്ന ജസ്റ്റിസ് സെക്രട്ടറി സ്ഥാനം ഡേവിഡ് ഗ്വേക്കിനു നല്‍കി.

ഫസ്റ്റ് സെക്രട്ടറി സ്ഥാനത്തിന് സാധ്യത കല്‍പ്പിച്ചിരുന്ന ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനു വകുപ്പുമാറ്റമില്ല. പകരം ആരോഗ്യ വകുപ്പിനൊപ്പം സോഷ്യല്‍ കെയര്‍കൂടി ഉള്‍പ്പെടുത്തി വകുപ്പ് വിപുലപ്പെടുത്തി നല്‍കി.