ബാങ്ക് അക്കൗണ്ട്‌ എന്നാല്‍ ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നായിരിക്കുന്നു: ജോസഫ് എം പുതുശ്ശേരി

0
537

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട്‌ എടുക്കുക എന്നാല്‍ ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നായിരിക്കുന്നുവെന്നു കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി 24 കേരളയോടു പറഞ്ഞു.

പാവപ്പെട്ട വിദ്യാര്‍ഥികളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും ക്ഷേമപെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും മിനിമം ബാലന്‍സ് ഇല്ല എന്നതിന്റെ പേരില്‍ എസ്ബിഐ നടത്തുന്ന കൊള്ളയടിക്കെതിരെ എസ്ബിഐ ചെയര്‍മാന് കത്തയച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പുതുശ്ശേരി.

വളരെ തുച്ഛമായ സ്കോളര്‍ഷിപ്പ്‌ തുകയില്‍ നിന്ന് പകുതിയോളം തുക എസ്ബിഐ അപഹരിക്കുകയാണ്, മിനിമം ബാലന്‍സിന്റെ പേരില്‍ ആലപ്പുഴയില്‍ ആയിരം രൂപ സ്കോളര്‍ഷിപ്പ്‌ ലഭിച്ച വിദ്യാര്‍ഥിയില്‍ നിന്ന് 450 രൂപ പിടിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക 3500 രൂപ വന്നപ്പോള്‍ 3000 ലേറെ രൂപ പിടിച്ചു. ഇതെന്ത് നീതി?

ഇടപാട് നടക്കാത്ത അക്കൗണ്ടില്‍ നിന്നാണ് ഈ തുക പിടിക്കുന്നത്. മിനിമം ബാലന്‍സ് പോളിസിയില്‍ മാറ്റം വരുത്തണമെന്നും ഈ തുക തിരിച്ച് നല്‍കണമെന്നുമാവശ്യപ്പെട്ടാണ് എസ്ബിഐ ചെയര്‍മാന് കത്തയച്ചിട്ടുള്ളത്‌ – പുതുശ്ശേരി പറഞ്ഞു.

മിനിമം ബാലന്‍സിന്റെ പേരില്‍ കൊള്ളയടി നടത്തിയ എസ്ബിഐ ഈടാക്കിയത് 1771 കോടിയാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഈ ഈടാക്കല്‍ നടത്തുന്നത്. ഇത് ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ്. മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാത്ത അക്കൗണ്ടുകളില്‍ നിന്നാണ് മിനിമം ബാലന്‍സ് എന്ന പേരില്‍ പിഴിയുന്നത് എന്നതാണ് വിചിത്രമായ കാര്യം.

ബാങ്കിംഗ് മേഖലയില്‍ അരാജകത്വം നിലനില്‍ക്കുകയാണ്. കുത്തഴിഞ്ഞ രീതികളാണ് ബാങ്കുകള്‍ പിന്തുടരുന്നത്. പ്രധാനമന്ത്രി തന്നെ പരസ്യം വഴിയും പ്രസ്താവന നടത്തിയും ആളുകളെ ആകര്‍ഷണവലയത്തിലാക്കിയാണ് ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിച്ചത്. എന്നിട്ട് ആ അക്കൗണ്ടില്‍ നിന്നും മിനിമം ബാലന്‍സ് എന്ന പേരില്‍ കൊള്ളയടി നടത്തുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

അക്കൗണ്ട് തുടങ്ങുമ്പോള്‍ ഒരു തുക നല്‍കുന്നുണ്ട്. അത് നല്‍കിയാണ്‌ അക്കൗണ്ട് ഉടമയാകുന്നത്. സര്‍വീസിനു ധാരാളം കാശ് ബാങ്ക് പിടിക്കുന്നുണ്ട്. അതും പോരാഞ്ഞിട്ടാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നത്.

ആവശ്യമില്ലാത്ത സര്‍വീസ് നടത്തി അതിനും കാശ് ഈടാക്കുന്നുണ്ട്. എസ്എംഎസ് അയക്കണം എന്ന് എത്ര ബാങ്ക് അക്കൗണ്ട് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും എസ്എംഎസ് അയക്കുന്നു. കാശ് ഈടാക്കുന്നു. ഇതെല്ലാം തന്നെ ഒരുതരം കൊള്ളയടിയാണ്. ഞാന്‍ ഒരു അക്കൗണ്ട് ഹോള്‍ഡര്‍ ആണെങ്കില്‍ എനിക്ക് പാസ് ബുക്ക്‌ ഉണ്ട്. എല്ലാം അതില്‍ രേഖപ്പെടുത്തുന്നുണ്ട്. പിന്നെ എസ്എംഎസ് കൂടി അയച്ച് വേറെ പണം എന്നില്‍ നിന്നും ഈടാക്കേണ്ടതുണ്ടോ?-പുതുശ്ശേരി ചോദിച്ചു.

എന്നാല്‍ വന്‍കിടക്കാരോട്‌ ഈ ബാങ്കുകളുടെ സമീപനം എന്താണ്? കോടികള്‍ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ്‌ മല്യയെ ഈ ബാങ്കുകള്‍ എന്ത് ചെയ്തു. 10 കോര്‍പ്പറേറ്റുകള്‍ ബാങ്കുകള്‍ക്ക് 10 ലക്ഷം കോടിയോളം തിരിച്ചടയ്ക്കാനുണ്ട്. ഈ തുക തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കാതെയാണ് ബാങ്കുകള്‍ പാവപ്പട്ട ജനങ്ങളുടെ ക്ഷേമപെന്‍ഷനിലും വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്‌ തുകയില്‍ നിന്നും കൊള്ളയടി നടത്തുന്നത്. ഇതവസാനിപ്പിക്കണം-ജോസഫ് എം പുതുശ്ശേരി ആവശ്യപ്പെട്ടു.