മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് നിമിറിന്റെ ട്രയിലര്‍ എത്തി

0
110

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് നിമിറിന്റെ ട്രയിലര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നായകന്‍.

സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തിൽ. അപർണ ബാലമുരളിയുടെ റോളിൽ നമിത പ്രമോദും അനുശ്രീയുടെ റോളിൽ പാർവതി നായരുമാണെത്തുന്നത്. അലൻസിയറുടെ വേഷത്തിൽ എം എസ് ഭാസ്കർ അഭിനയിക്കുന്നു. സംവിധായകൻ മഹേന്ദ്രൻ ആണ് ഉദയനിധിയുടെ അച്ഛന്റെ വേഷത്തിൽ. മണിക്കുട്ടൻ, ബിനീഷ് കൊടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. സിനിമ ജനുവരി 25ന് റിലീസ് ചെയ്യും.

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ. സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ ലെ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്.

മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു.