വിലക്ക് മറികടന്ന് ജിഗ്നേഷ് മേവാനിയുടെ റാലി

0
93

ന്യൂഡല്‍ഹി: ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ യുവജന റാലി. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലാണ് റാലി നടക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന റാലിക്ക് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ മറികടന്നാണ് മേവാനിയും സംഘവും റാലി സംഘടിപ്പിച്ചത്. റാലിയില്‍ സംഘാടകര്‍ അവകാശപ്പെട്ടതിലും ജനപങ്കാളിത്തം കുറവാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ജലപീരങ്കി ഉള്‍പ്പെടെയുള്ള തയാറെടുപ്പുകളുമായി ഡല്‍ഹി പൊലീസും സ്ഥലത്തുണ്ട്. എന്നാല്‍ റാലിക്ക് അനുമതി നിഷേധിച്ചതിനെ ജിഗ്നേഷ് വിമര്‍ശിച്ചു. ജനാധിപത്യപരമായി സമാധാനപൂര്‍വം റാലി നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സര്‍ക്കാര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മേവാനി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് മേവാനി പറഞ്ഞു.

റാലിക്ക് അനുമതി നല്‍കിയിട്ടില്ലെങ്കിലും റാലി നിശ്ചയിച്ചതു പോലെ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചതോടെ നഗരം കനത്ത സുരക്ഷയിലാണ്. സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയില്‍ ജിഗ്നേഷ് മേവാനി, അസമില്‍ നിന്നുള്ള യുവജന നേതാവ് അഖില്‍ ഗോഗോയ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.