വിവാദ ഭൂമിയിടപാട്: പഠിച്ച് പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു

0
622

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ പരിഹാരം കാണാന്‍ മെത്രാന്‍ സമിതിയെ നിയോഗിച്ചു. സഭ സിനഡിന്റേതാണ് തീരുമാനം. അഞ്ച് ബിഷപ്പുമാര്‍ അടങ്ങുന്ന സമിതിയുടെ കണ്‍വീനര്‍ അര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ്, ബിഷപ്പുമാരായ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍, മാര്‍ ജേക്കബ് മാനത്തോടത്ത്‌, മാര്‍ തോമസ് ചക്യത്ത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഭൂമി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് എത്രയും വേഗം പരിഹാരം കാണണം എന്ന് സമിതിയോട് സിനഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായതായി  ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ സിനഡില്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനഡ് വിഷയം ചര്‍ച്ച ചെയ്തതും. കമ്മീഷനെ നിയമിച്ചതും.

വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിഷയം സിനഡ് വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി ബിഷപ്പുമാര്‍ക്ക് കത്തയച്ചിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം കാര്യമല്ലെന്നും ധാര്‍മ്മികമായും സാമ്പത്തികമായും സഭയക്ക് വലിയ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ , എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്‍ക്കാനാണ് വൈദിക സമിതി തീരുമാനം. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപയാണ്. ഈ ബാക്കി തുകയ്ക്കാണ് സ്ഥലം വാങ്ങിയവര്‍ ഭൂമി എഴുതി നല്‍കിയത്. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്.

സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡ് യോഗം തുടരുകയാണ്.

ഭൂമി ഇടപാട് വിഷയം പുറത്തുവന്നതോടെ സഭയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പാപ്പക്ക് കത്തയക്കുകയും ചെയ്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നു. ഭൂമിയിടപാടില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തി ഒരു അന്വേഷണ കമ്മീഷനെക്കൊണ്ട് അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിനു പിന്നാലെ വൈദിക സമിതി യോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യവുമായി ഒരു വിഭാഗം വൈദികരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കര്‍ദ്ദിനാള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചതോടെ വൈദിക സമിതി യോഗം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഭൂമിയിടപാടില്‍ സുതാര്യതയില്ലായ്മയും കനോനിക നിയമങ്ങളുടെ ലംഘനവും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സഹായ മെത്രാനായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് കത്ത് അയക്കുകയും ചെയ്തു.

അതേസമയം ആര്‍ച്ച് ബിഷപ്പിനെ ലക്ഷ്യമാക്കിയുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള അല്‍മായ സംഘടനകളും രംഗത്ത് വന്നതും വിഷയത്തില്‍ സഭാ അധികൃതരും വിശ്വാസികളും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സിനഡ് വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യപ്പെട്ട് വൈദികര്‍ രംഗത്തുവന്നത്.