സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി

0
97

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ അക്രമസംഭവങ്ങളില്‍ കാര്യമായ കുറവു വരുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 2017ല്‍ അഞ്ചു രാഷ്ട്രീയ കൊലപാതക കേസുകള്‍ മാത്രമാണ് ഉണ്ടായത്. 2016 ല്‍ 14 കേസുകള്‍ ഉണ്ടായിടത്താണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതക കേസുകളുടെ എണ്ണം അഞ്ച് ആയി കുറഞ്ഞു. 2016ല്‍ രാഷ്ട്രീയ അക്രമ കേസുകള്‍ 1768 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 1522 അക്രമ കേസുകളാണ് 2017 ല്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ഫെയ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അക്രമ കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയുന്നത്. സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കി കേരളത്തിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.