സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒളിക്കാന്‍ ഒരുപാട് കാര്യങ്ങള്‍; ബ്ലാക്ക് മെയില്‍ കേസിലെ മൊഴി  ഇത് വെളിവാക്കുന്നു: കെ.സുരേന്ദ്രന്‍

0
77

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒളിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ് ബ്ലാക്ക് മെയില്‍ കേസിലെ മൊഴിയെന്നു കെ.സുരേന്ദ്രന്‍ 24 കേരളയോടു പറഞ്ഞു.

ഉമ്മന്‍ചാണ്ടി പറഞ്ഞത് ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ്. എന്നാല്‍ ഉമ്മന്‍‌ചാണ്ടി വിജിലന്‍സിന് മുന്‍പില്‍ കൊടുത്ത മൊഴിയില്‍ കുറേയാളുകള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നാണ്. ഈ മൊഴിയില്‍ തന്നെ പ്രകടമായ വൈരുദ്ധ്യമുണ്ട്.

അതിനര്‍ത്ഥം ഉമ്മന്‍ചാണ്ടി കുറെയധികം കാര്യങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. ഒളിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തണം. പക്ഷെ അത് ചെയ്യാതെ വീണ്ടും കാര്യങ്ങള്‍ പുകമറയില്‍ നിര്‍ത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടു എന്ന് കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ തെളിഞ്ഞു കഴിഞ്ഞു. താന്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടു അല്ലെങ്കില്‍ തന്നെ ബ്ലാക്ക് മെയിലിംഗിന് വിധേയമാക്കി എന്ന് ഉമ്മന്‍ചാണ്ടി തന്നെയാണ് പൊതുസമൂഹത്തിനു മുന്നില്‍ വെളിവാക്കിയത്. അത് പിന്നേയും ഒളിച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു എന്ന് തിരിച്ചറിഞ്ഞാണ് ഞാന്‍ പരാതി നല്‍കിയത്.

ഒരു മുന്‍ മുഖ്യമന്ത്രി താന്‍ ആ സ്ഥാനം വഹിച്ചിരുന്ന കാലത്ത് ഒരു കേസില്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടു എന്ന് പറയുന്നത് ഗൗരവമുള്ള കാര്യമാണ്.  സോളാര്‍ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിയില്‍ വരട്ടെ. ആ ലക്ഷ്യത്തോടെയാണ് പരാതി നല്‍കിയത് – സുരേന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മൊഴി ഇന്നു പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു വ്യക്തിയെ അല്ല ഉദ്ദേശിച്ചതെന്നാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരിക്കുന്നത്.

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഉണ്ടായ ആക്ഷേപങ്ങളാണ് ബ്ലാക്ക് മെയില്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും ഉമ്മന്‍ചാണ്ടി മൊഴിയില്‍ പറയുന്നു.

ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്ന് ഉമ്മന്‍ചാണ്ടി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് ഈ  ബ്ലാക്ക് മെയില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് എന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നു ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.