എ ഗ്രേഡിനായുള്ള പോരാട്ടത്തില്‍ തളര്‍ന്ന് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

0
77

 

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തളര്‍ന്ന് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മേളയുടെ നാലാം ദിവസം വൈകീട്ട് പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഒപ്പന നടക്കുമ്പോള്‍ മാത്രം ഒരു ഡസനോളം കുട്ടികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകേണ്ടിവന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് ഒന്നാം വേദിയിലെത്തിയ മന്ത്രി വി.എസ്. സുനില്‍കുമാറിനോടും ഈ പ്രശ്നങ്ങള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പറഞ്ഞിരുന്നു. ചിലര്‍ മന്ത്രിയോട് തട്ടിക്കയറുകവരെ ചെയ്തു. എന്നാല്‍, കുട്ടികളുടെ ദുരിതത്തിന് ഒരു അറുതിയും ഉണ്ടായില്ല. ഒപ്പന അവസാനിച്ച് കര്‍ട്ടണ്‍ വീണ ഉടനെ ഒരു കുട്ടി സ്റ്റേജില്‍ തളര്‍ന്നു വീണ സംഭവം വരെ ഉണ്ടായി. ഒപ്പനയില്‍ മാത്രമല്ല, സംഘനൃത്തത്തിലും മാര്‍ഗംകളിയിലുമെല്ലാം സമാനമായ രംഗങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ മോഹിനിയാട്ടത്തിനായി വേഷമിട്ട ഒരു കുട്ടി തളര്‍ന്നു വീണിരുന്നു. ഈ കുട്ടിയെ വേഷത്തോടെ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി – മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഒപ്പന മത്സരം ആരംഭിച്ചത് മൂന്നര മണിക്കൂറിലേറെ വൈകിയാണ്. അപ്പീലുകള്‍ ഉള്‍പ്പെടെ 38 ടീമുകള്‍ ഇത്തവണ എത്തിയിട്ടുണ്ട്. നിലവിലെ സമയക്രമം അനുസരിച്ച് പുലര്‍ച്ചെ മൂന്നിനാകും മത്സരം അവസാനിക്കുക. കാലത്ത് മേക്കപ്പിട്ട കുട്ടികള്‍ക്ക് വേദിയിലെത്താന്‍ പുലരും വരെ കാത്തിരിക്കേണ്ടിവരികയാണ്. ഇതിനിടയില്‍ വേഷവും മേക്കപ്പുമും കാരണം ഒരു തുള്ളി വെള്ളം കുടിക്കാനോ ലഘുഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. മൂത്രമൊഴിക്കാന്‍ പോകാനും കഴിയുന്നില്ല. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകുംതോറും കുട്ടികളുടെ ദുരിതവും ഇരട്ടിയാവുകയാണ്.

മത്സരങ്ങള്‍ പകലാണെങ്കില്‍ കടുത്ത ചൂടാണ് വേദികളില്‍. വൈകി തുടങ്ങുന്നവ രാവുവെളുക്കുംവരെ നീളുകയും ചെയ്യും. പെണ്‍കുട്ടികളുടെ സംഘനൃത്തം അവസാനിച്ചത് പുലര്‍ച്ചെ ആറര മണിക്കാണ്. ഈ സമയമത്രയും കുട്ടികള്‍ വേഷമിട്ട് ഉറക്കമിളച്ചു കാത്തുനില്‍ക്കുകയാണ്.