ഐ.എച്ച്.ആര്‍.ഡി നിയമന കേസില്‍ വി.എ.അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

0
51

തിരുവനന്തപുരം : ഐ.എച്ച്.ആര്‍.ഡി നിയമന കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍. അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനുമെതിരെയായിരുന്നു കേസ്. തിരുവനന്തപുരം പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

അരുണ്‍കുമാറിന്റെ നിയമനവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കേസന്വേഷണം നടത്തിയ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അരുണ്‍കുമാറിനെ നിയമിക്കുന്നതെങ്കിലും വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്താണ് വിവാദം ഉയര്‍ന്നു വന്നത്. അരുണ്‍കുമാറിന് അധ്യാപന പരിചയമില്ലാതെയാണ് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം.

നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയാണ് കണ്ടെത്തിയത്. ഈ കണ്ടെത്തലുകള്‍ വിജിലന്‍സ് തള്ളിക്കളയുകയും ചെയ്തു.