ഓഖി ഫണ്ടില്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ നടപടി കണ്ണില്‍ചോരയില്ലാത്തത് : കുമ്മനം

0
71

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റേത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. അനുതാപമില്ലാതെ സഹതാപം മാത്രം പ്രകടിപ്പിക്കുന്ന ഭരണാധികാരിക്കേ ഇങ്ങനെ പെരുമാറാനാകുവെനന്നും കുമ്മനം കുറ്റപ്പെടുത്തി.

നൂറുകണക്കിന് കോടി രൂപ കയ്യിലുള്ള ഉള്ള സിപിഎം ഹെലികോപ്റ്റര്‍ വാടക നല്‍കാന്‍ പൊതു പണം ഉപയോഗിച്ചു എന്നത് ക്രിമിനല്‍ കുറ്റമാണ്. നഗ്നമായ അധികാര ദുര്‍വിനിയോഗമിണിത്. മോഷണം കയ്യോടെ പിടിച്ചപ്പോള്‍ അത് തിരികെ തന്നില്ലേ എന്ന കള്ളന്റെ ന്യായമാണ് ഉത്തരവ് റദ്ദാക്കിയതിലൂടെ സിപിഎം കാണിക്കുന്നത്. വാര്‍ത്ത പുറത്തു വന്നില്ലായിരുന്നുവെങ്കില്‍ പാവങ്ങളുടെ വയറ്റത്തടിക്കുമായിരുന്നില്ലേ? ഉത്തരവ് റദ്ദാക്കിയതിലൂടെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ഒഴിഞ്ഞുമാറാനാകില്ലെന്നും കുമ്മനം പറഞ്ഞു.