കരീബിയന്‍ സമുദ്രത്തില്‍ വന്‍ ഭൂചലനമുണ്ടായ സാഹചര്യത്തില്‍ ഹോണ്ടുറാസില്‍ സുനാമി മുന്നറിയിപ്പ്‌

0
76

ടെഗുസിഗല്‍പ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ സുനാമി മുന്നറിയിപ്പ്. കരീബിയന്‍ സമുദ്രത്തില്‍ 7.6 തീവ്രതയില്‍ വന്‍ ഭൂകമ്പമുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കെട്ടിടങ്ങള്‍ വിണ്ടുകീറിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വടക്കേ അമേരിക്കയ്ക്കും കരീബിയന്‍ പ്രതലത്തിനും ഇടയിലുള്ള ഭ്രംശനമാണ് ഭൂചലനത്തിന് ഇടയാക്കിയത്. പ്രഭവകേന്ദ്രത്തിന് 140 കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനങ്ങള്‍ ശാന്തരാകണമെന്നും അടിയന്തര രക്ഷാപ്രവര്‍ത്തന വിഭാഗം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍നാണ്ടസ് ട്വിറ്ററില്‍ അറിയിച്ചു.

ഔദ്യോഗികമായി സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കരീബിയന്‍ തീരത്തോടു ചേര്‍ന്ന നാടുകളിലെയും ദ്വീപുകളിലെയും ജനങ്ങള്‍ പരിഭ്രാന്തരാണ്. സുനാമി സാധ്യതയില്ലെന്ന് ചില കാലാവസ്ഥാ കേന്ദ്രങ്ങളും അഭിപ്രായപ്പെട്ടു. എന്നാല്‍, സുനാമിക്കു തുല്യമായ ശക്തിയില്‍ തിരമാലകള്‍ തീരത്തേക്കു അടിച്ചേക്കാമെന്ന് അക്കുവെതര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളോട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1976ല്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഗ്വാട്ടിമലയില്‍ 7.5 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 23,000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രഭവകേന്ദ്രത്തിന് സമീപത്തായി 2009ലുണ്ടായ 7.3 തീവ്രതയുള്ള ഭൂകമ്പത്തില്‍ ഏഴു മരണവും 40 പേര്‍ക്ക് പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 130 കെട്ടിടങ്ങളും അന്ന് നശിച്ചു.