കാലാതീതമായ ഗന്ധര്‍വ സ്വരത്തിന്റെ ഉടമയ്ക്ക്‌ ഇന്ന് 78-ാം പിറന്നാള്‍

0
97

കെ.ജെ യേശുദാസ് പാടിയ ഒരു ഗാനമെങ്കിലും കേള്‍ക്കാതെ, ഓര്‍ക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നുപോകില്ല. മൊബൈല്‍ പ്ലേ ലിസ്റ്റിലും എഫ്എമ്മിലും ആരാധനാലയങ്ങളിലും, റിങ് ടോണുകളായും കോളര്‍ ട്യൂണുകളായുമെല്ലാം ഗന്ധര്‍വ സ്വരമാധുര്യം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. സംഗീതലോകത്തെ മാസ്മരിക ശബ്ദത്തിന് ഇന്ന് 78-ാം പിറന്നാള്‍. 55 വര്‍ഷം നീണ്ട സംഗീത വഴികളിലെവിടെയും യേശുദാസ് എന്ന ശബ്ദവിസ്മയത്തെ കടത്തിവെട്ടാന്‍ ആര്‍ക്കുമായിട്ടില്ല.

1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച  യേശുദാസ് ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. സംഗീത പഠനം കഴിഞ്ഞയുടന്‍ ‘നല്ല തങ്ക’ എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴയപ്പെട്ടു. അന്ന് നിരാശനായി സംഗീതത്തില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചിരുന്നുവെങ്കില്‍ ഇന്ന് യേശുദാസ് എന്ന ഗായകന്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. നിരന്തര പരിശ്രമത്തിലൂടെ അദ്ദേഹത്തിന് വീണ്ടും അവസരങ്ങള്‍ ഉണ്ടായി.

1961 നവംബര്‍ 14നാണ് കെ.എസ്.ആന്റണി എന്ന സംവിധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ യേശുദാസിന് പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.

പിന്നീട് യേശുദാസ് എന്ന ഗായകന്റെ യുഗം ആയിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന മായാജാലം. യേശുദാസിന് മുമ്പും ശേഷവും എന്ന് തന്നെ മലയാള സിനിമാഗാന വിഭാഗത്തെ തരംതിരിക്കാം. യേശുദാസ് എന്ന ശബ്ദവിസ്മയത്തെ കടത്തിവെട്ടാന്‍ ഇതുവരെയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. മലയാളിയായ യേശുദാസിനെ രാജ്യം തന്നെ നെഞ്ചിലേറ്റുകയായിരുന്നു. ആസാമീസ്, കൊങ്കണി, കാശ്മീരി തുടങ്ങിയ ഭാഷകള്‍ മാത്രമാണ് ഇനിയും ഈ സ്വരമാധുര്യം ഉപയോഗിക്കാത്തത്. കെ.ജെ യേശുദാസിന്റെ ആലാപനഭംഗി കൊണ്ടും ഉച്ചാരണശുദ്ധി കൊണ്ടും ജീവന്‍ തുടിക്കുന്ന ഗാനങ്ങള്‍ കാലാതീതമായി ഇന്നും യുവാക്കള്‍ പാടിനടക്കുന്നു.