കിസിത്തോ, പെക്കൂസണ്‍, സിഫ്‌നിയോസ്… കാണട്ടെ ചെറുപ്പത്തിന്റെ സാഹസികത; പറക്കട്ടെ ബ്ലാസ്റ്റേഴ്‌സ്

0
99


കെ.ശ്രീജിത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനമോസിനെ നേരിടുന്നു. ഡല്‍ഹിയിലാണ് കളി നടക്കുക. പൂണെയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരം സമനിലയിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ഡേവിഡ് ജെയിംസ് കോച്ചായി മടങ്ങിയെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ മാഴ്‌സിലീഞ്ഞോയുടെ പൂണെയെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമായിത്തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കാണുന്നത്.

പൂണെയ്‌ക്കെതിരായ മത്സരത്തില്‍, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ച കളി തന്നെയാണ് ഇന്നും പുറത്തെടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും ബ്ലാസ്റ്റേഴ്‌സിന് സീസണിലെ രണ്ടാം ജയം ഉറപ്പാണ്. ഈ സീസണിലെ ഏറ്റവും ദുര്‍ബലരായ ടീമാണ് ഡല്‍ഹി ഡൈനമോസ് എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. പൂണെയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ നിറം മങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നടത്തിയ തിരിച്ചുവരവ് അതിന്റെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ തിമിര്‍ത്തുകളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പൂണെയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഒന്നാം പകുതിയില്‍ പറ്റിയ പാളിച്ചകള്‍ മനസിലാക്കി രണ്ടാം പകുതിയില്‍ അത് തിരുത്തുകയായിരുന്നു ഡേവിഡ് ജെയിംസ് എന്ന കോച്ച്. ആക്രമണാത്മക ഫുട്‌ബോള്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന് ചേരുക എന്ന് ജെയിംസ് മനസിലാക്കിയതിന്റെ ഫലം കൂടിയായിരുന്നു അത്. ഇവിടെയാണ് ജെയിംസില്‍ നമ്മുക്ക് പ്രതീക്ഷ കൂടുന്നത്. സാഹചര്യത്തിനനുസരിച്ച് ഗെയിം പ്ലാന്‍ മാറ്റാനും വളരെ പെട്ടെന്ന് കളി വായിച്ചെടുക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. റെനി മ്യൂലന്‍സ്റ്റീന് ഇല്ലാതെ പോയിരുന്നതും ഇതാണ്.

മാത്രമല്ല കെസിറോണ്‍ കിസിത്തോ എന്ന യുഗാണ്ടന്‍ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് നല്‍കിയിട്ടുള്ള ഊര്‍ജം പറഞ്ഞറിയിക്കാനാവത്തതാണ്. പൂണെയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മധ്യനിരയില്‍ ഈ ഇരുപതുകാരനാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി മെനഞ്ഞെടുത്തത്. കിസിത്തോ വന്നതോടെ പെക്കൂസണും ഉഷാറായി. പിന്നീടങ്ങോട്ട് ആര്‍ത്തിരമ്പുന്ന കളിയാണ് കൊച്ചിയിലെ ഗാലറി കണ്ടത്. അത് തന്നെയാണ് ഇന്നും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുന്‍നിരയില്‍ മാര്‍ക്ക് സിഫ്‌നിയോസ് കൂടിയാകുമ്പോള്‍ അതില്‍ ചെറുപ്പത്തിന്റെ ആവേശവും സാഹസികതയും ഒത്തുചേരുന്നു. ചെറുപ്പത്തിന്റെ ഈ ചോരത്തിളപ്പിനെയാണ് എതിരാളികള്‍ ഭയക്കേണ്ടത്. ഒപ്പം പരിക്കില്‍ നിന്ന് മോചിതനായി സി.കെ.വിനീത് കൂടി അണിനിരക്കുമ്പോള്‍ ഏത് പ്രതിരോധനിരയെയും ഒന്ന് വിറപ്പിക്കാന്‍ കെല്പുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് മാറുന്നുണ്ട്.

കിസിത്തോ, പെക്കൂസണ്‍, വിനീത്. ഒപ്പം ഏറെ അനുഭവ സമ്പത്തുള്ള ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം. കൊള്ളാവുന്ന ഒരു ടീമിന് വേണ്ട എല്ലാ ചേരുവകളും ഇവരിലുണ്ട്. അത് കൃത്യമായി ഉപയോഗിക്കുക കൂടി ചെയ്താല്‍ തീര്‍ച്ചയായും ഐഎസ്എല്ലില്‍ ഇനിയും കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. പക്ഷെ തിരിഞ്ഞുനോക്കാതെ കളിക്കണമെന്ന് മാത്രം. വരുന്നത് വരുന്നിടത്തുവെച്ച് കാണാം എന്ന മനോഭാവത്തോടെ, രണ്ടും കല്പിച്ച് കളിച്ചാല്‍ ചിലതൊക്കെ ഇനിയും ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സിനാകും എന്നത് ഉറപ്പാണ്. ഗോള്‍കീപ്പര്‍മാര്‍ പോള്‍ റെച്ചൂക്കയും സുഭാശിഷ് റായ് ചൗധരിയും ഉജ്ജ്വല ഫോമിലാണെന്നതും ഒരു കൈ നോക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പ്രാപ്തരാക്കുന്നുണ്ട്.

എന്നാല്‍ ഇതുവരെയും കഴിവിനൊത്ത് ഉയരാത്തത് പ്രതിരോധനിരയാണെന്ന് പറയേണ്ടിവരും. മുന്‍ സീസണുകളില്‍ കണ്ടതുപോലെയൊരു പോരാട്ടം ഇനിയും സന്ദേശ് ജിങ്കന്‍ പുറത്തെടുത്തിട്ടില്ല എന്നതാണ് ബ്ലാസ്റ്റേഴ്‌സിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകം. ജിങ്കന്‍ അല്പം ക്ഷീണിച്ചതുപോലെയുണ്ട്. തുടര്‍ച്ചയായ കളികള്‍ കളിക്കാരെ തളര്‍ത്തുന്നുണ്ട് എന്നത് ശരിയാണെങ്കിലും ജിങ്കനെ പോലുള്ളവര്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രമെ മുന്നോട്ടുപോക്ക് സുഗമമാകൂ. ഇന്നെങ്കിലും ജിങ്കന്‍ ഒരു ചാംപ്യന്റെ കളി പുറത്തെടുക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

മറുഭാഗത്ത് ഡല്‍ഹി ഏറ്റവും മോശം ഫോമിലാണ്. എന്നാലും കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ചെന്നൈയെ 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ തളക്കാനായത് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മാത്രമല്ല പിന്നില്‍ നിന്ന ശേഷമാണ് അവര്‍ തിരിച്ചടിച്ചതും. പറയാന്‍ മാത്രം വലിയ താരങ്ങള്‍ ഈ സീസണില്‍ ഡല്‍ഹിയുടെ ജേഴ്‌സിയിലില്ല എന്നതാണ് അവരെ തളര്‍ത്തുന്നത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സ്വന്തം മൈതാനത്താണ് കളിയെന്നത് അവര്‍ക്ക് ആശ്വാസം നല്‍കും.

ഇരമ്പിയാര്‍ക്കുന്ന ഗാലറികളെ കോരിത്തരിപ്പിക്കുന്ന കളി പുറത്തെടുക്കാനാകുമെന്ന് പൂണെയ്‌ക്കെതിരായ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കാണിച്ചുതന്നതാണ്. അതും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ. മാഴ്‌സിലീഞ്ഞോയെയും ലൂക്കയെയും പോലുള്ള മിന്നും താരങ്ങള്‍ കളിക്കുന്ന പൂണെയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് പറയാന്‍ വലിയ പേരുകളൊന്നുമില്ലാത്ത ഡല്‍ഹിയെ തോല്പിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകേണ്ടതല്ല. പക്ഷെ അതിന് കാര്യമായി അദ്ധ്വാനിക്കുകയും സ്വന്തം പ്രതിഭയോട് നീതി പുലര്‍ത്തുകയും വേണമെന്ന് മാത്രം. കളി ഡല്‍ഹി മൈതാനത്താണെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ആരാധക പിന്തുണയ്ക്ക് കുറവൊന്നുമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ആഞ്ഞുപിടിക്കുക. നിങ്ങള്‍ക്ക് ജയിക്കാനാകും ബ്ലാസ്റ്റേഴ്‌സ്…