‘ഗോപാലസേനയ്ക്ക് കീഴടങ്ങില്ല, എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി’ ; വി.ടി ബല്‍റാം

0
66

 

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ തനിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി വി.ടി.ബല്‍റാം എംഎല്‍എ. ‘ഗോപാലസേനയ്ക്ക് കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി’ എന്നാണ് ബല്‍റാം കൂറ്റനാടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളിടുന്നത്.

പാലക്കാട് ജില്ലയിലെ കൂറ്റനാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എംഎല്‍എ സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബല്‍റാമിന്റെ ഇന്നോവ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പ്രതിഷേധക്കാര്‍ ബല്‍റാമിനെതിരെ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പൊലീസുകാര്‍ക്കടക്കം നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.

എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്‌സ്ബുക് കമന്റില്‍ വിവാദം പുകയുന്ന സാഹചര്യത്തില്‍ എംഎല്‍എയെ ബഹിഷ്‌കരിക്കാനാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത തീരുമാനം.