ഡിഎല്‍എഫ് ഫ്‌ളാറ്റ് പൊളിച്ചുമാറ്റേണ്ട, ഒരു കോടി രൂപ പിഴ ഒടുക്കിയാല്‍ മതി; സുപ്രീംകോടതി

0
59

ഡല്‍ഹി: ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് പൊളിച്ചുമാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ പിഴ ഒടുക്കണമെന്ന് കോടതി വിധിച്ചു. ഇതുസംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഫ്‌ളാറ്റ് പൊളിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കായല്‍ കൈയേറി നിര്‍മിച്ചിരിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും നിര്‍ണായകമാകുന്നതാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വിധി.

2016 ഡിസംബര്‍ 21 നാണ് ഡിഎല്‍എഫ് ഫ്‌ളാറ്റ് പൊളിച്ച് നീക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടും കോടികളുടെ നിക്ഷേപവും കണക്കിലെടുത്താണ് ഫ്‌ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു കോടി രൂപ പരിസ്ഥിതി വകുപ്പിന് പിഴ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും അപ്പീല്‍ നല്‍കിയത്. കായല്‍ കൈയേറി ഡിഎല്‍എഫ് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കണമെന്നായിരുന്നു സംസ്ഥാനസര്‍ക്കാറിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും ആവശ്യം. പരിസ്ഥിതിസൗഹാര്‍ദ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഫോടനം നടത്തി പൊളിക്കണം. തീരമേഖല ഒന്നില്‍ നടന്ന നിര്‍മാണം പൊളിച്ചു മാറ്റുമ്പോള്‍ ഉടമകള്‍ക്ക് ഡിഎല്‍എഫ് പണം തിരിച്ച് നല്‍കണമെന്നും ഇരുവരും വാദിച്ചു.
ഹൈക്കോടതിയില്‍ ഡിഎല്‍എഫിനെ പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. കാറ്റഗറി ബിയില്‍പെട്ട പദ്ധതി ആയതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാനപരിസ്ഥിതി അവലോകനസമിതി ആണെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ മുഴുവന്‍ അനുമതിയും ലഭിച്ചതിന് ശേഷമാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് ഡിഎല്‍എഫിന്റെ വാദം. അനുമതി നല്‍കുമ്പോള്‍ സര്‍ക്കാര്‍ അതോറിറ്റികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന് കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു ഡിഎല്‍എഫിന്റെ വാദം.
2005-06 വര്‍ഷത്തിലും 2009-2011 കാലഘട്ടത്തിലൂമായി 130 മീറ്ററോളം കായലാണ് ഡിഎല്‍എഫ് കമ്പനി നികത്തിയത്. ഇതില്‍ 2005-06 കാലഘട്ടത്തിലാണ് ഏറ്റവുമധികം കായല്‍ നികത്തപ്പെട്ടത്. 2005ല്‍ 358 മീറ്റര്‍ ആയിരുന്ന കായലിന്റെ വീതി 2013 ലെ ഗൂഗിള്‍മാപ്പ് പരിശോധിച്ചപ്പോള്‍ 223 മീറ്റര്‍ ആയി കുറഞ്ഞു. കെട്ടിടം പണിയാന്‍ അനുവദനീയമായതിലും കൂടുതല്‍ സ്ഥലം ഡിഎല്‍എഫ് ഉപയോഗിച്ചു. ഇത് തീരദേശപരിപാലന ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
1991 ലേയും 2011 ലേയും തീരദേശ പരിപാലന ചട്ടം അനുസരിച്ച് തണ്ണീര്‍തടം നികത്തുന്നത് തീരദേശപരിപാലന നിയമത്തിന്റെ പ്രകടമായ ലംഘനമാണ്. ഇതു കാറ്റില്‍ പറത്തിയാണ് ഡിഎല്‍എഫ് ഫ്ളാറ്റ് നിര്‍മിച്ചത്.