തമിഴ് നാട്ടില്‍ അണ്ണാദുരൈ പോലുള്ള വികാരമായിരുന്നു കേരളത്തില്‍ എകെജി; ബല്‍റാം കാണിച്ചത് ശുദ്ധ തോന്നിവാസം: ഗോവിന്ദ്.കെ.ഭരതന്‍

0
396

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: എകെജിയെപ്പോലുള്ള മഹാരഥന്‍മാര്‍ ജീവിച്ചിരുന്ന പശ്ചാത്തലം അറിയാത്തതുകൊണ്ടാണ് വി.ടി.ബാല്‍റാമിനെപ്പോലുള്ള യുവ നേതാക്കള്‍ പ്രകോപനപരമായ വിമര്‍ശനങ്ങള്‍ക്ക് മുതിരുന്നതെന്നു പ്രമുഖ നിയമജ്ഞനും കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന സ്റ്റാന്റിംഗ് കൗണ്‍സിലറുമായ ഗോവിന്ദ്.കെ.ഭരതന്‍ 24 കേരളയോടു പറഞ്ഞു.

എകെജി ജീവിച്ചിരുന്ന പശ്ചാത്തലം അറിയാതെ, പഠിക്കാതെ ശുദ്ധ തോന്നിവാസമാണ് ബല്‍റാം പറഞ്ഞത്. ബാലപീഡകന്‍ എന്ന പരാമര്‍ശം തന്നെ വളരെയേറെ പ്രകോപനപരമാണ്. ആരായിരുന്നു എകെജി എന്ന് ഈ നേതാക്കള്‍ പഠിക്കേണ്ടതുണ്ട്.

എകെജിയെപ്പോലുള്ള ഒരു നേതാവ് എകെജിയ്ക്ക് ശേഷം കേരളത്തില്‍ ഉണ്ടായിട്ടില്ല. എകെജി ജീവിച്ചിരുന്ന കാലം, അത് ഒരു വല്ലാത്ത കാലമായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ കണ്ടാല്‍ തല്ലിക്കൊല്ലാന്‍ തയ്യാറായ പൊലീസാണ് അന്നുണ്ടായിരുന്നത്. പൊലീസിന് അത്തരമൊരു നിര്‍ദ്ദേശമാണ് നല്കപ്പെട്ടിരുന്നത്.

റേ, ഭണ്ഡാരി എന്നീ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു അന്ന്. പൊലീസ് സേനയെ നയിച്ചിരുന്ന ഉദ്യോഗസ്ഥരാണ്. ഇവര്‍ എകെജിയെ കണ്ടാല്‍ തല്ലികൊല്ലാന്‍ തയ്യാറായാണ് സഞ്ചരിച്ചിരുന്നത്. ഇത്തരം ഉദ്യോഗസ്ഥര്‍ ഉള്ളതുകൊണ്ടാണ് എകെജിയ്ക്ക് ഒളിവ് ജീവിതം നയിക്കേണ്ടി വന്നത്.

ബഹുജനസമരം നയിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഒളിവുജീവിതം തിരഞ്ഞെടുത്തത്. അല്ലാതെ സ്വന്തം സുരക്ഷ നോക്കിയല്ല. എകെജി ജീവിച്ചിരുന്നത് പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടി മാത്രമാണ്. ജന്മിമാര്‍ക്കെതിരായ അടിയാള സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളിലൊരാളാണ് എകെജി. എനിക്ക് വളരെ അടുത്ത് അറിയാവുന്ന കമ്യൂണിസ്റ്റ് നേതാവും.

എന്റെ നാട് കണ്ണൂരിലാണ്. പലതവണ ഞാന്‍ എകെജിയെ നേരിട്ട് കണ്ടിട്ടുണ്ട്. കണ്ണൂര്‍ക്കാര്‍ക്ക് മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അന്ന് എകെജി ഒരു നേതാവായിരുന്നില്ല, വികാരമായിരുന്നു. കേരളത്തിനു മുന്നിലുണ്ടായിരുന്ന ആ വികാരത്തെയും ആവേശത്തേയുമാണ്‌ ബല്‍റാം മുറിവേല്‍പ്പിച്ചിരിക്കുന്നത്.

ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല അന്നുള്ളത്. ഇന്നത്തെ നേതാക്കളുമല്ല. യാതനകളുടെയും സഹന സമരത്തിന്റെയും ബാക്കിപത്രമായിരുന്നു എകെജി. കെപിആര്‍ ഗോപാലനും ഇതേ സമരത്തിന്റെയും സഹനത്തിന്റെയും പ്രതീകമായിരുന്നു. എന്റെ ഭാര്യയുടെ അമ്മാവന്‍ ആയിരുന്നു  കെനാത്തി നാരായണന്‍.

അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു കെനാത്തി നാരായണന്‍.  കെനാത്തി നാരായണനും എകെജിയും വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഈ  കെനാത്തി നാരായണന്റെ വീട്ടിലാണ് ഗാന്ധി-നെഹ്‌റു-ശാസ്ത്രി എന്നിവര്‍ താമസിച്ചിരുന്നത്. അത്ര വലിയ കിംഗ് മേക്കര്‍ ആയിരുന്നു  കെനാത്തി നാരായണന്‍.

കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച മഹാനായിരുന്നു കെനാത്തി നാരായണന്‍. അദ്ദേഹത്തിനും കൂടി എകെജിയെ വലിയ ബഹുമാനമായിരുന്നു. ഒളിവ് ജീവിതത്തില്‍ എകെജിയ്ക്ക് വലിയ താങ്ങും തണലുമായിരുന്നു  കെനാത്തി നാരായണന്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കെനാത്തി നാരായണന്റെ ഭാര്യ മീനാക്ഷിയമ്മ അവസാന കാലത്ത് എന്റെകൂടെ കൊച്ചിയിലായിരുന്നു താമസിച്ചിരുന്ന്ത്. എ.കെ.ഗോപാലന്‍ വന്നു മീനാക്ഷിയമ്മയുടെ അടുത്തിരുന്നു കൈപിടിച്ച് കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മീനാക്ഷിയമ്മയുടെ കൈ പിടിച്ച സമയത്ത് എകെജിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലുള്ള സമയത്തായിരുന്നു എകെജിയുടെ ഭവന സന്ദര്‍ശനം.

ഇന്ത്യന്‍ കോഫീ ഹൗസ്‌ പിരിച്ചുവിട്ടപ്പോള്‍, തൊഴിലാളികള്‍ നിരാലംബരായപ്പോള്‍ അവരെ മുഴുവന്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ കോഫീ ഹൗസിനു വീണ്ടും രൂപം നല്‍കിയത് എകെജി ഒരാള്‍ മാത്രമാണ്. എകെജി മാത്രമാണ് അന്ന് തൊഴിലാളികള്‍ക്ക് ആലംബമായത്. ഇന്ത്യന്‍ കോഫീ ഹൗസിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കുപിന്നില്‍ എകെജിയുടെ വിയര്‍പ്പാണ്.

എന്തെങ്കിലും ഒരു അഴിമതി ആരും എകെജിക്കെതിരെ ഉന്നയിച്ചിട്ടില്ല. എകെജി പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ ആ പ്രസംഗത്തിനു ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള നേതാക്കള്‍ ചെവികൊടുത്തു. മഹാനായ നേതാവ് എന്ന വിശേഷണം എകെജി യെ പോലുള്ള നേതാക്കള്‍ക്ക് മാത്രം ഇണങ്ങുന്നതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷമാണ് ഇന്ത്യയില്‍ അഴിമതി എന്ന വാക്ക് തന്നെ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത്. ഇത് ബല്‍റാമിനെപോലുള്ള നേതാക്കള്‍ മനസിലാക്കിയിരിക്കണം.

തമിഴ് നാട്ടില്‍  അണ്ണാദുരൈ പോലുള്ള വികാരമായിരുന്നു കേരളത്തില്‍ എകെജി. ജനങ്ങള്‍ക്കിടയില്‍ കരിസ്മ സൃഷ്ടിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു എകെജി. എകെജി പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ മിഴി ചിമ്മാതെ ആളുകള്‍ ആ പ്രസംഗം കേള്‍ക്കുമായിരുന്നു. അതായിരുന്നു എകെജി. അത്തരമൊരു നേതാവിനെക്കുറിച്ചാണ് ബല്‍റാം വിഡ്ഢിത്തം വിളമ്പിയിരിക്കുന്നത്-ഗോവിന്ദ്.കെ.ഭരതന്‍ പറഞ്ഞു.