നജീബിനു പിന്നാലെ ജെഎന്‍യുവില്‍ നിന്ന് മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായി

0
52

ന്യൂഡല്‍ഹി: കാണാതായ നജീബിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി. മുകുള്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. മുകുളിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി മുകുള്‍ സര്‍വകലാശാലയില്‍ എത്തിയത്. അന്ന് ഉച്ചയ്ക്ക് 12.30-ന് മുകുള്‍ സര്‍വകലാശാലയിലെ ഗേറ്റ് കടന്ന് പുറത്തു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിന്നീട് മുകുള്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തിയിട്ടില്ല.

ഗാസിയാബാദ് സ്വദേശിയായ മുകുള്‍ വീട്ടിലേക്ക് പോയി എന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ മുകുള്‍ വീട്ടിലും എത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനു മുന്‍പും സമാനമായ സംഭവം ജെഎന്‍യു സര്‍വകലാശാലയില്‍ നടന്നിരുന്നു. 2016 ഒക്ടോബര്‍ 15-ന് സര്‍വകലാശാലയില്‍ നിന്നും നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു. നജീബിനെ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. നജീബിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായിരിക്കുന്നത്.