നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയും: റവന്യൂ മന്ത്രി

0
51


തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മന്ത്രിതലസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ചന്ദ്രശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ വിസ്തൃതിയില്‍ ആയിരത്തോളം ഹെക്ടര്‍ കുറവുണ്ടായേക്കുമെന്നാണ് റവന്യൂമന്ത്രി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൈയേറ്റം കണ്ടെത്തിയാല്‍ ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളും.

3,200 ഹെക്ടര്‍ വിസ്തൃതിയില്‍ നീലക്കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നങ്കെിലും മേഖലയില്‍ കൈയേറ്റങ്ങള്‍ വ്യാപകമായിരുന്നു. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കുറിഞ്ഞി സങ്കേതത്തില്‍പ്പെട്ട ഭൂമിയുടെ പട്ടയം ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയതിനെതിരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിതോടെയാണ് ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണിക്കാന്‍ മുഖ്യമന്ത്രി മന്ത്രിതല സമിതിക്ക് രൂപം നല്‍കിയത്.വനംമന്ത്രി കെ.രാജു, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരടങ്ങിയ സംഘമാണ് ഡിസംബര്‍ 11, 12 തീയതികളില്‍ ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തിയത്.

അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രവനം-വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് ഡിസംബര്‍ 29 ന് കേന്ദ്രപരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.