ഭരണപരാജയം അക്രമം കൊണ്ട് മറയ്ക്കാമെന്ന് കരുതേണ്ട; ബല്‍റാമിനെ കൃഷ്ണമണി പോലെ കാക്കുമെന്ന് മുരളീധരന്‍

0
78

തിരുവനന്തപുരം: വി.ടി ബല്‍റാമിന് നേരെയുള്ള സി.പി.എം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കെ.മുരളീധരന്‍ എം.എല്‍.എ. ഭരണപരാജയത്തിന്റെ നഗ്‌നത അക്രമം കൊണ്ട് മറയ്ക്കാമെന്നാണ് സി.പി.എമ്മിന്റെ വിചാരമെങ്കില്‍ പ്രതിരോധത്തിന്റെ കോട്ടകള്‍ കെട്ടി ബല്‍റാമിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുവാന്‍ തങ്ങള്‍ക്കറിയാം എന്ന് കെ.മുരളീധരന്‍ പറഞ്ഞു. എ.കെ.ജിക്ക് എതിരെയുള്ള പരാമര്‍ശം വേണ്ടിയിരുന്നില്ല എന്ന് ഒരു ജ്യേഷ്ഠന്റെ അവകാശത്തോട് കൂടി ഞാനത് പറയുകയും ചെയ്തു. പക്ഷെ അതിന്റെ പേരില്‍ ബല്‍റാമിനെ പിച്ചിചിന്താമെന്നും മാപ്പ് പറയിപ്പിക്കാമെന്നും ഒരു മാര്‍ക്‌സിസ്റ്റുകാരനും വ്യാമോഹിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.

മുത്തച്ഛന്റെ പ്രായമുള്ള വി.എസി നെ പിതൃശൂന്യന്‍ എന്ന് വിളിച്ച് ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രഖ്യാപിച്ച യുവ നേതാവിനെ എം.എല്‍.എ യാക്കിയ പാര്‍ട്ടിയാണ് ബല്‍റാമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിനെ സംസ്‌കാരം പഠിപ്പിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല. കോണ്‍ഗ്രസിനെതിരെ ചാരിത്ര്യ പ്രസംഗം നടത്തുന്ന സഖാക്കള്‍ക്കും മുന്‍ഗാമികള്‍ക്കും വാസവദത്തയുടെ മുഖമാണുള്ളതെന്നും മുരളീധരന്‍
ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വർത്തമാന കാലഘട്ടത്തിൽ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടുത്ത ആശയ ദാരിദ്ര്യം..
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വി.ടി ബൽറാമിന് എതിരായുള്ള നീചമായ പരാക്രമങ്ങൾ…
ഇതിനെ ശക്തമായി അപലപിക്കുന്നു…

നിയമസഭയിലെ മിടുക്കരായ യുവ എം.എൽ.എ മാരിൽ ഒരാളാണ് വി.ടി.ബൽറാം…
അഭിപ്രായങ്ങൾ ധീരമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനും, അതിനോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം പൊതു സമൂഹത്തിനുമുണ്ട്…
കാരണം ബൽറാം അഭിപ്രായ സ്വാതന്ത്ര്യമുള്ള കോൺഗ്രസ്സുകാരനാണ്. അദ്ദേഹത്തെ തിരുത്തുവാനുള്ള അധികാരവും കോണ്‍ഗ്രസ്സ് പാർട്ടിയ്ക്കുണ്ട്…
AKG യ്ക്ക് എതിരെയുള്ള പരാമർശം വേണ്ടിയിരുന്നില്ല എന്ന് ഒരു ജ്യേഷ്ഠന്റെ അവകാശത്തോട് കൂടി ഞാനത് പറയുകയും ചെയ്തു…
പക്ഷെ അതിന്റെ പേരിൽ ബൽറാമിനെ പിച്ചിച്ചീന്താമെന്നും മാപ്പ് പറയിപ്പിക്കാമെന്നും ഒരു മാർക്സിസ്റ്റുകാരനും വ്യാമോഹിക്കേണ്ട….

കോൺഗ്രസ്സിനെ സംസ്കാരം പഠിപ്പിക്കാൻ സി.പി.എം വളർന്നിട്ടില്ല…
ജീവിച്ചിരിക്കുന്നവരും, അല്ലാത്തതുമായ കോൺഗ്രസ്സ് നേതാക്കൻമാരെപ്പറ്റി നിങ്ങൾ നടത്തിയിട്ടുള്ള സംസ്കാരശൂന്യമായ പ്രസ്താവനകൾ കേരളം മറന്നിട്ടില്ല…
ശ്രീനാരായണ ഗുരു മുതൽ ക്രിസ്തുവിനെ വരെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും കുരിശിലേറ്റിയവരാണ് നിങ്ങൾ…
ഗാന്ധി മുതൽ നെഹ്രു കുടുംബത്തെ വരെ സംസ്കാര ശൂന്യത കൊണ്ട് അടച്ചാക്ഷേപിച്ചവരാണ് നിങ്ങൾ…
രാഷ്ട്രീയ സദാചാരത്തിന്റെ സർവ്വ സീമകളും ലംഘിച്ച് കോൺഗ്രസ്സ് നേതാക്കൻമാരേയും അവരുടെ കുടുംബങ്ങളേയും ക്രൂരമായി വ്യക്തിഹത്യ നടത്തിയവരാണ് നിങ്ങൾ…
ഒരു പുരുഷായുസ്സ് മുഴുവൻ ശ്രീ. കെ.കരുണാകരനേയും കുടുംബത്തേയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച് കൊണ്ട് വേട്ടയാടിയവരാണ് നിങ്ങൾ…
അന്ധമായ കോൺഗ്രസ്സ് വിരോധം മൂത്ത് സംഘിസത്തിന് വെള്ളവും വളവുമൊഴിച്ചവരാണ് നിങ്ങൾ…

മുത്തച്ഛന്റെ പ്രായമുള്ള വി.എസി നെ പിതൃശൂന്യൻ എന്ന് വിളിച്ച് ക്യാപിറ്റൽ പണിഷ്മെന്റ് പ്രഖ്യാപിച്ച യുവ നേതാവിനെ എം.എൽ.എ യാക്കിയ പാർട്ടിയാണ് ബൽറാമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്..
‘പിതൃശൂന്യനും’,
‘നികൃഷ്ട ജീവി’യും,
‘പരനാറി’യും,
‘കടക്ക് പുറത്തും’
‘മറ്റേപ്പണി’ യുമൊന്നും കേരളം മറന്നിട്ടില്ല.

ഇവരാണ് കോൺഗ്രസ്സിനെ സംസ്കാരം പഠിപ്പിക്കുന്നത്.
ചരിത്രത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ബൽറാം ചെയ്തിട്ടുള്ളത്. അത് ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ…
നിങ്ങൾക്കത് ആശയപരമായി നേരിടാം. അതിന് പകരം എം.എൽ.എ ഓഫീസ് അടിച്ച് തകർത്തും, കല്ലെറിഞ്ഞും, ചീമുട്ടയെറിഞ്ഞും, അസഭ്യവർഷം നടത്തിയും നേരിടുന്നത് ശുദ്ധ ഫാസിസമാണ്….
രാഷ്ട്രീയ ഫാസിസം…
അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള സംഘപരിവാർ ഫാസിസത്തിന്റെ വികൃതമായ മറ്റൊരു മുഖമാണിത്…

വർത്തമാന കാലഘട്ടത്തിൽ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടുത്ത ആശയ ദാരിദ്ര്യം.. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമ…

Posted by K Muraleedharan on 10 ಜನವರಿ 2018

ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടതിന്‍റെ ജാള്യതയും
ഭരണപരാജയത്തിന്റെ നഗ്നതയും
അക്രമം കൊണ്ട് മറയ്ക്കാമെന്നാണ് സി.പി.എമ്മിന്റെ വിചാരമെങ്കിൽ പ്രതിരോധത്തിന്റെ കോട്ടകൾ കെട്ടി ബൽറാമിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുവാൻ ഞങ്ങൾക്കറിയാം….
കോൺഗ്രസ്സിനെതിരെ ചാരിത്ര്യ പ്രസംഗം നടത്തുന്ന സഖാക്കൾക്കും മുൻഗാമികൾക്കും വാസവദത്തയുടെ മുഖമാണുള്ളത്.അതു മറക്കണ്ട..