മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റര്‍ യാത്രയുടെ വാര്‍ത്ത മാതൃഭൂമി പൂഴ്ത്തി; പത്രം ഇന്നിറങ്ങിയത് ഈ വാര്‍ത്ത ഇല്ലാതെ 

0
155

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: എം.പി.വീരേന്ദ്രകുമാറും വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവും എല്‍ഡിഎഫിലേക്ക് എന്ന് ഉറപ്പായി. എല്‍ഡിഎഫിലേക്കുള്ള വീരേന്ദ്രകുമാറിന്റെ പ്രയാണം സൂചിപ്പിച്ച്
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തിന്റെ വാര്‍ത്ത മാതൃഭൂമി ദിനപത്രം മുക്കി.

ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്നായി മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഖി ഫണ്ടില്‍ നിന്നും പണമെടുത്തുള്ള ഹെലികോപ്റ്റര്‍ യാത്രയുടെ വാര്‍ത്തയാണ് മാതൃഭൂമി പൂഴ്ത്തിയത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ഒരു വരി പോലും നല്‍കാതെയാണ് ഇന്നത്തെ മാതൃഭൂമി ദിനപത്രം പുറത്തിറങ്ങിയത്.

വീരേന്ദ്രകുമാര്‍ എം.ഡിയായ മാതൃഭൂമി പത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് വാര്‍ത്ത നല്‍കുന്നത് പതിവാണ്. മുഖ്യമന്ത്രിയുടെ വിവാദ വാര്‍ത്ത മാതൃഭൂമി പൂഴ്ത്തിയതോടെ വിഡ്ഢികളായത് മാതൃഭൂമിയുടെ ലക്ഷക്കണക്കിന് വായനക്കാര്‍ കൂടിയാണ്. ഈ വാര്‍ത്ത വായിക്കാന്‍ മാതൃഭൂമി വായനക്കാര്‍ക്ക് മനോരമയോ മറ്റു പത്രങ്ങളോ ആശ്രയിക്കേണ്ടി വരും.

മാതൃഭൂമി വെച്ച് വീരേന്ദ്രകുമാര്‍ കളിക്കുന്ന രാഷ്ടീയം തന്നെയാണ് വീരേന്ദ്രകുമാറിനെയും വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിന്റെയും കേരളത്തിലെ പ്രസക്തി. മാതൃഭൂമിയെ ഭയന്നാണ് എല്‍ഡിഎഫും യുഡിഎഫും വീരേന്ദ്രകുമാറിനോട് മയമുള്ള നിലപാട് സ്വീകരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വീരേന്ദ്രകുമാറിന്റെ ജെഡിയുവിനു നല്‍കിയത് കൃഷിമന്ത്രി പദവിയും ലോക്സഭാ, രാജ്യസഭാ സീറ്റും ഏഴു നിയമസഭാ സീറ്റുകളുമാണ്. വീരേന്ദ്രകുമാറിന് പാലക്കാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയ ശേഷം കോണ്‍ഗ്രസ് തന്നെ കാലുവാരിയപ്പോള്‍ ഇടഞ്ഞ വീരനെ യുഡിഎഫ് അനുനയിപ്പിച്ചത് ഒരു രാജ്യസഭാ സീറ്റ് നല്‍കിയാണ്‌. ആ രാജ്യസഭാ സീറ്റ് ആണ് ഇടത് മുന്നണി പ്രവേശനത്തിനുവേണ്ടി കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ രാജിവെച്ചത്.

വീരേന്ദ്രകുമാര്‍ ഇടഞ്ഞപ്പോഴെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നേരിട്ട് അനുനയിപ്പിച്ചിരുന്നു. വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തിയാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ മാതൃഭൂമിയുടെ പ്രധാന ഗുണഭോക്താക്കള്‍ യുഡിഎഫ് ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായി അഴീക്കോട്‌ മത്സരിച്ച എം.വി.നികേഷ്കുമാര്‍ പരാജയപ്പെടാനുള്ള പ്രധാന വാര്‍ത്ത നല്‍കിയത് തിരഞ്ഞെടുപ്പ് സമയത്ത് മാതൃഭൂമി ചാനല്‍ ആയിരുന്നു.

എം.വി.രാഘവന്റെ സഹോദരിയുടെ അടുക്കല്‍ പോയി മാതൃഭൂമി ചാനല്‍ വാര്‍ത്ത നല്‍കി. എം.വി.ആറിന്റെ കുടുംബം നികേഷ് സിപിഎം സ്ഥാനാര്‍ഥിയായി അഴീക്കോട്‌ മത്സരിക്കുന്നതിനെ സഹോദരി എതിര്‍ക്കുന്നതായിട്ടായിരുന്നു വാര്‍ത്ത. കുടുംബാംഗങ്ങളുടെ പ്രതികരണവും ഒപ്പമുണ്ടായിരുന്നു.

വെള്ളം മലിനമാണെന്ന് കാണിക്കാന്‍ നികേഷ് കുമാര്‍ കിണറ്റില്‍ ഇറങ്ങിയ വാര്‍ത്ത കൂടി മാതൃഭൂമി നിരന്തരം നല്‍കിയതോടെ അഴീക്കോട്‌ നികേഷ് കുമാറിന്റെ പരാജയം പൂര്‍ത്തിയായി. ഇങ്ങിനെ താന്‍ ഉള്‍പ്പെട്ട മുന്നണിക്ക്‌ വീരേന്ദ്രകുമാര്‍ മാതൃഭൂമി വഴി നല്‍കുന്ന സഹായങ്ങള്‍ ചെറുതല്ല. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് ഇടതുമുന്നണി വീരനെ ഇപ്പോള്‍ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതും.

കാലങ്ങളായി മാതൃഭൂമി ദിനപത്രം വെച്ച് വീരേന്ദ്രകുമാര്‍ കളിക്കുന്ന തരംതാണ രാഷ്ട്രീയ കളികള്‍ തന്നെയാണ് ഇന്നിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലും മുഴച്ച് നില്‍ക്കുന്നത്. ജെഡിയുവിന്റെ ഇടത് രാഷ്ട്രീയ പ്രവേശനം തീരുമാനിക്കാന്‍ നാളെയും മറ്റന്നാളുമായി ജെഡിയു നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് കൂടാനിരിക്കെയാണ് ഓഖി ഫണ്ട് എടുത്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റര്‍ യാത്രയുടെ വാര്‍ത്ത മാതൃഭൂമി പൂഴ്ത്തിയിരിക്കുന്നത്.