മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര: റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി

0
39

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ച വിവാദത്തില്‍ റവന്യൂ സെക്രട്ടറിയോട് റവന്യൂ മന്ത്രി വിശദീകരണം തേടി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനാണ് റവന്യൂ മന്ത്രി അറിയാതെ പണം അനുവദിക്കുന്നതിന് ഉത്തരവിറക്കിയത്.

ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും സംഭവത്തിനു പിന്നില്‍ ഉദ്യോഗസ്ഥ വീഴ്ചയാവാമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റാണെന്ന് രേഖകള്‍. പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നല്‍കിയിരുന്നതായി രേഖകളില്‍ വ്യക്തമാണ്.

താന്‍ അറിയാതെ തീരുമാനങ്ങളെക്കുന്നതിലുള്ള വിയോജിപ്പ് പല ഘട്ടത്തിലും റവന്യു മന്ത്രി റവന്യു സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കിയിലെ കൈയേറ്റ വിഷയത്തിലും കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തിലും ചെമ്പനോട വില്ലേജ് ഓഫീസ് വിഷയത്തിലും റവന്യു സെക്രട്ടറിക്കെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു.