ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതല്ല, പാര്‍ട്ടിയെ ശക്തപ്പെടുത്തുന്നതാണ് പ്രധാനം: അഖിലേഷ് യാദവ്

0
53
Lucknow: Samajwadi Party President and former Uttar Pradesh Chief Minister Akhilesh Yadav addresses a press conference at the party office, in Lucknow on Monday. PTI Photo by Nand Kumar (PTI10_23_2017_000077B)

ലഖ്നൗ: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് താന്‍ ഇപ്പോള്‍ നടത്തി വരുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ പേരില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഒരുപാട് സമയം നഷ്ടപ്പെടുത്തുന്ന പരിപാടിയാണ്. അതുകൊണ്ട് ഒരു പാര്‍ട്ടിയുമായി 2019ല്‍ സഖ്യമുണ്ടാക്കാന്‍ ആലോചിക്കുന്നില്ല. സഖ്യമുണ്ടാക്കിയാല്‍ സീറ്റ് വിഭജനം കൂടുതല്‍ ദുര്‍ഘടമാകും. അതിനും ഒരുപാട് സമയം ചെലവഴിക്കേണ്ടി വരും. കൂടാതെ ഇത് ഒരുപാട് സംശയങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നതെന്നും അഖിലേഷ് പറഞ്ഞു. മറ്റു പാര്‍ട്ടികളുമായി സംഖ്യമുണ്ടാക്കുമ്പോള്‍ സീറ്റുകള്‍ക്കു വേണ്ടി വിലപേശല്‍ നടത്തേണ്ടി വരും. എന്നാല്‍ അത്തരത്തിലുള്ള ഒരു രാഷ്ട്രീയം തനിക്ക് ഇഷ്ടമല്ലെന്നും അഖിലേഷ് പറഞ്ഞു.

2019ല്‍ നടക്കാന്‍ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റിനു വേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ സമാജ്വാദി പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജനങ്ങളില്‍ നിന്നും അഭിപ്രായ രൂപീകരണം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് ഒരു അവസരം നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാക്കുകള്‍ ഒന്നും തന്നെ പാലിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ജനങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് പറ്റിയ തെറ്റുകള്‍ മനസിലാക്കുന്നതായും അഖിലേഷ് പറഞ്ഞു.