വടക്കുംനാഥന്റെ മണ്ണില്‍ കലാപൂരത്തിന് കൊടിയിറക്കം; ഇന്ന് വൈകിട്ട് നാലിന് സമാപന സമ്മേളനം

0
73

തൃശ്ശൂര്‍: വടക്കുംനാഥനെ സാക്ഷിയാക്കി അഞ്ചു ദിനരാത്രങ്ങള്‍ തൃശിവപേരൂരിന്റെ മണ്ണില്‍ മേളപ്പെരുക്കം തീര്‍ത്ത കലാപൂരത്തിന് ഇന്നു കൊടിയിറങ്ങും. 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ സമീപകാല ചരിത്രങ്ങളുടെ ആവര്‍ത്തനമെന്നോണം കോഴിക്കോടും പാലക്കാടും തമ്മിലാണു സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ പോയിന്റ് പട്ടികയില്‍ 874 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്റുമായി പാലക്കാടും 855 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. ശേഷം കലാപ്രതിഭകള്‍ ഉപചാരം ചൊല്ലിപ്പിരിയും. ഇനി അടുത്ത വര്‍ഷം കാണാമെന്ന പ്രതീക്ഷയില്‍. സമാപനസമ്മേളനത്തില്‍ ഇന്നസന്റ് എംപി, ശ്രീനിവാസന്‍, കമല്‍, സത്യന്‍ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവര്‍ പങ്കെടുക്കും.

നീര്‍മാതളം മുതല്‍ കേരം വരെയുള്ള 24 വേദികളില്‍ ഇരുപതിനോടും ഇന്നലെ കൗമാര പ്രതിഭകള്‍ യാത്രപറഞ്ഞു. ഇന്നു ബാക്കിയുള്ളതു നാല് ഇനങ്ങള്‍ മാത്രം. ഇന്നു പ്രധാന വേദിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തവും മൂന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തവും നാലാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ടും ഏഴാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയും നടക്കും.


അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനുള്ള അപ്പീലിന് ബാലവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. നൃത്താധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ച് ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷിക്കുന്നു.