വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ പുറത്താക്കും: ഭീക്ഷണിയുമായി ഇക്വഡോര്‍

0
61

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ പുറത്താക്കുമെന്ന ഭീഷണിയുമായി ഇക്വഡോര്‍. അസാന്‍ജെയുടെ പേരില്‍ ബ്രിട്ടനുമായി ഉടലെടുത്ത എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇക്വഡോര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
യുഎസിനെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ 2012 മുതല്‍ അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് അസാന്‍ജെ. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് പൊലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇക്വഡോര്‍ പ്രസിഡന്റിനെ അസാന്‍ജെ വിമര്‍ശിച്ചിരുന്നു. ഇതാണ് ഇക്വഡോറിനെ ചൊടിപ്പിച്ചത്. കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി അസാന്‍ജെയുടെ പേരില്‍ ബ്രിട്ടനുമായി അത്ര സുഖകരമായ ബന്ധത്തിലല്ല ഇക്വഡോര്‍.
അസാന്‍ജെയുടെ പേരില്‍ ബ്രിട്ടനുമായുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു മധ്യസ്ഥനെ തേടുകയാണ് നിലവില്‍ ഇക്വഡോര്‍. അമേരിക്കയ്ക്കെതിരെ നിരവധി രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.