വേഷം മാറിയ ചാരക്കപ്പലുകള്‍

0
86

ഋഷിദാസ്

വിവരശേഖരണത്തിനും രഹസ്യമായ നാവിക ദൗത്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കപ്പലുകളാണ് ചാരക്കപ്പലുകള്‍. അവയുടെ പ്രവര്‍ത്തനങ്ങളുടെ രീതി കൊണ്ടുതന്നെ അവയെപ്പറ്റി വിവരങ്ങളും വളരെയൊന്നും ലഭ്യമല്ല. പല രാജ്യങ്ങളും വലിയ മല്‍സ്യ ബന്ധന ബോട്ടുകള്‍പോലും വിവര ശേഖരണത്തിനും സ്പെഷ്യല്‍ ഓപ്പറേഷനുകള്‍ക്കുമുള്ള യാനങ്ങളായി ഉപയോഗിക്കാറുണ്ട് എന്ന കരുതപ്പെടുന്നു. യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സ്‌പേസ് പ്രോബുകളുടെ നിയന്ത്രണത്തിന് എന്ന പേരിലും ചാര കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

അത്യാധുനിക ഇലട്രോണിക് ഉപകരണങ്ങളുടെ ഒരു കലവറയാണ് ചാരക്കപ്പലുകള്‍. എല്ലാ ആവൃത്തികളിലുമുള്ള വൈദ്യുതകാന്തിക തരംഗങ്ങളെയും പിടിച്ചെടുക്കാനും ഡീക്രിപ്ട് ചെയ്യാനും അവലോകനം നടത്താനുമുള്ള സംവിധാനങ്ങള്‍ ഇത്തരം കപ്പലുകളില്‍ ഉണ്ടാവും. ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കാനും അവലോകനം നടത്താനുമുള്ള സംവിധാനങ്ങളും ഇവയില്‍ ഉണ്ടാകും. മിക്കവാറും യുദ്ധമേഖലകള്‍ക്കോ, പ്രശ്‌നമേഖലകള്‍ക്കോ ദൂരെ നങ്കൂരമിട്ടു വിവരശേഖരണം നടത്തുകയാണ് ഇവ ചെയുക. ഇവ ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ ഉപഗ്രഹ വിനിമയസംവിധാനങ്ങളിലൂടെ സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ /സൈനിക ആസ്ഥാനങ്ങളില്‍ എത്തിക്കാനും ഇവക്കാവും.

കടുത്ത രഹസ്യ സ്വഭാവമുള്ളവയായതിനാല്‍ ഇത്തരം കപ്പലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ വളരെ കുറച്ചുമാത്രമേ പൊതുവില്‍ ലഭ്യമായിട്ടുളൂ. ശീതയുദ്ധകാലത് വളരെ വലിയ ചാരക്കപ്പലുകള്‍ യുഎസും സോവിയറ്റ് യൂണിയനും വിന്യസിച്ചിരുന്നു. യുഎസ് നാവികസേനയുടെ യുഎസ്എന്‍എസ് വാന്‍ഗാഡും സോവിയറ്റ് യൂണിയന്റെ വിഷ്ണ്യാ ക്ളാസ് ഇന്റലിജിന്‍സ് ഷിപ്പുകളും ആയിരുന്നു അവയില്‍ മുന്‍നിരയില്‍. യുഎസ് ഇത്തരം കപ്പലുകളെ ‘ടെക്‌നിക്കല്‍ റിസേര്‍ച് ഷിപ്’ എന്നാണ് ശീതയുദ്ധകാലത്തു വിളിച്ചിരുന്നത്. ഇത്തരം ഒരു ടെക്‌നിക്കല്‍ റിസേര്‍ച് ഷിപ് ആയ യുഎസ്എസ് ലിബര്‍ട്ടി അബദ്ധത്തിലുള്ള ഒരു ഇസ്രയേലി ആക്രമണത്തിനിരയായത് ശീതയുദ്ധകാലത്തെ ഒരു പ്രധാന സംഭവമായിരുന്നു. സോവിയറ്റ് യൂണിയന്‍ ആകട്ടെ ഇത്തരം കപ്പലുകളെ ‘ഇന്റലിജന്‍സ് കളക്ഷന്‍ ഷിപ്’ എന്ന് തന്നെയാണ് വിളിച്ചിരുന്നത്.

റഷ്യ ഏറ്റവും പുതിയതായി രംഗത്തിറക്കിയ ‘യാന്റെര്‍ ഇന്റലിജന്‍സ് കളക്ഷന്‍ ഷിപ്’ സമുദ്രത്തിനടിയിലൂടെ പോകുന്ന വാര്‍ത്താവിനിമയ കേബിളുകള്‍ നശിപ്പിക്കാന്‍ പ്രാപ്തിയുണ്ടെന്ന് ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. സിറിയന്‍ യുദ്ധത്തിനിടക്ക് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ തകര്‍ന്നു വീണ രണ്ടു റഷ്യന്‍ യുദ്ധവിമാനങ്ങള്‍ യാന്റെര്‍ ദിവസങ്ങള്‍ക്കുള്ളിലാണ് പൊക്കി മാറ്റിയത്. അവയിലെ രഹസ്യ വിവരങ്ങളും ഫ്രണ്ട് ഓര്‍ ഫോ കോഡുകളും നാറ്റോയുടെ കൈയില്‍പ്പെടാതിരിക്കാനാണ് അവയെ വളരെ പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ത്തിമാറ്റിയത്.

യുഎസ് അവരുടെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന കപ്പലുകള്‍ എല്ലാം തന്നെ വിവരശേഖരണത്തിനുള്ള ‘ഇന്റെലിജെന്‍സ് ഗാതറിംഗ്’ കപ്പലുകള്‍ ആണെന്നാണ് കരുതപ്പെടുന്നത്. മറ്റ് പല രാജ്യങ്ങളും ഗവേഷണ കപ്പലുകള്‍ എന്ന പേരിലും സര്‍വ്വേ ഷിപ്പുകള്‍ എന്നപേരിലും ചാരകപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ചിത്രങ്ങള്‍ :യാന്റെര്‍ ,ഏറ്റവും ആധുനികമായ റഷ്യന്‍ ചാരകപ്പല്‍ ,ഒരു യു എസ് നാഷണല്‍ ഓഷ്യാനോഗ്രാഫിക് ആന്‍ഡ് അറ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ കപ്പല്‍ , USNS വാന്‍ ഗാഡ് :