സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യരക്ഷാ പദ്ധതി: പ്രായപരിധി ഇല്ല, പാര്‍ട്ട്‌ ടൈം പെന്‍ഷന്‍കാര്‍ക്കും അംഗമാകാം

0
201


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യരക്ഷാ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രീമിയം തുകയായ 300 രൂപ എല്ലാ മാസവും ശമ്പളത്തില്‍ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്റ് ചികിത്സയും സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . GO(P) No 54-2017-Fin dated 24-04-2017 എന്ന സര്‍ക്കാര്‍ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പ്രായപരിധി ഉണ്ടാകില്ല. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാരുടെ മാതാപിതാക്കള്‍ക്കും ഏതു പ്രായം വരെയും പരിരക്ഷ ലഭിക്കും. ഇതേസമയം, ജീവനക്കാരുടെ മക്കള്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയായിരിക്കും പരിരക്ഷ. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍ക്ക് പ്രായപരിധി ഉണ്ടാകില്ല. പ്രസവത്തിനുള്ള ചെലവുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുഞ്ഞിനു നടപ്പുവര്‍ഷം മുഴുവന്‍ പദ്ധതിയുടെ ആനുകൂല്യം കിട്ടും.

പാര്‍ട്ട്‌ ടൈം പെന്‍ഷന്‍കാര്‍ക്കും അംഗമാകാം
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും എയ്ഡഡ് സ്‌കൂളിലെ അടക്കമുള്ള അധ്യാപകരും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകണം. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ചേരാം. ഇടയ്ക്കുവെച്ചു സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ഒരുവര്‍ഷത്തെ പ്രീമിയം തുക മുഴുവന്‍ അടയ്ക്കണം. അലവന്‍സ് ഇല്ലാത്ത നീണ്ട അവധി എടുക്കുന്നവര്‍ക്ക് അവധികാലയളവിലെ പ്രീമിയം കൂടി മുന്‍കൂട്ടി അടയ്ക്കാം.

പാര്‍ട്ട് ടൈം പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ്, പ്രീമിയം തുകയെക്കാള്‍ കുറവാണെങ്കില്‍ ബാക്കിയുള്ള തുക കൂടി നല്‍കണം. എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും പദ്ധതിയില്‍ ചേരാം. പിരിച്ചുവിടുന്ന ജീവനക്കാരെ അന്നു മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നു നീക്കും.

കാഷ് ലെസ്‌, റീ ഇംബേഴ്‌സ്‌മെന്റ് സൗകര്യം
രജിസ്റ്റേഡ് നഴ്‌സിങ് ഹോം, ആശുപത്രി, ക്ലിനിക്, സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ കിടത്തി ചികില്‍സ തേടുന്നവരാണ് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹരാകുക. കാഷ്ലെസ്, റീഇംബേഴ്‌സ്‌മെന്റ് സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാം. സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികില്‍സ തേടുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചശേഷം ആശുപത്രിക്കു കൈമാറും. ആശുപത്രിക്കു സ്വന്തം വികസനത്തിനായി ഈ പണം ചെലവഴിക്കാം. ഭാര്യയും ഭര്‍ത്താവും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാണെങ്കിലും ഒരു ചികില്‍സയ്ക്ക് ഒരു ക്ലെയിമേ അനുവദിക്കൂ.

പ്രത്യേക വെബ്സൈറ്റ് വരും
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസത്തിനുള്ളില്‍ അപേക്ഷ ഹാജരാക്കി പദ്ധതിയുടെ ഭാഗമാകാം. അപേക്ഷ നല്‍കാത്തവര്‍ക്ക് തൊട്ടടുത്ത വര്‍ഷമേ പദ്ധതിയില്‍ അംഗമാകാനാകൂ. പെന്‍ഷന്‍കാര്‍ അപേക്ഷ തൊട്ടടുത്ത ട്രഷറിയില്‍ സമര്‍പ്പിക്കണം.

പദ്ധതിയില്‍ അംഗമാകുന്ന എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കും. കാര്‍ഡ് തയാറായാല്‍ ഉടന്‍ അതിന്റെ നമ്പര്‍ അംഗത്തെ എസ്എംഎസ് മുഖേന അറിയിക്കും. അംഗത്തിനും ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ വെബ്‌സൈറ്റ് തയാറാക്കും.

നേരത്തേ ബാധിച്ച രോഗങ്ങള്‍ക്കും പരിരക്ഷ
ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തിലാകുന്ന അന്നു മുതല്‍ ആനുകൂല്യം നേടാം. നേരത്തേ ബാധിച്ച രോഗങ്ങളുടെ ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാം. 24 മണിക്കൂര്‍ ആശുപത്രിവാസത്തിനു മാത്രമല്ല, ഡേ കെയര്‍ സെന്ററുകളിലെ ചികില്‍സയ്ക്കും ആശുപത്രിയിലേയ്ക്ക് മാറ്റാനാകാത്തതിനാല്‍ വീട്ടില്‍ ചികില്‍സ തേടുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു 30 ദിവസത്തെയും ശേഷം 60 ദിവസത്തെയും ചികില്‍സാ ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഈ കാലയളവുകളിലെ ടെസ്റ്റുകള്‍ക്കും പണം ലഭിക്കും.

24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
നേത്രം, വൃക്ക, ടോണ്‍സില്‍, പ്രോസ്റ്റേറ്റ്, ഗാസ്‌ട്രോ, മൂത്രനാളി, മൂക്ക്, തൊണ്ട, ചെവി എന്നിവയിലെ ശസ്ത്രക്രിയകള്‍, ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യല്‍, അപകടത്തെ തുടര്‍ന്നുള്ള ദന്ത ശസ്ത്രക്രിയ, വൃഷണവീക്കം, ഡയാലിസിസ്, റേഡിയോതെറപ്പി, പാമ്പുകടി തുടങ്ങിയവയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ഔട്ട്പേഷ്യന്റ് (ഒപി) ചികില്‍സകള്‍ക്കു വര്‍ഷം പരമാവധി 30,000 രൂപയേ ലഭിക്കൂ. ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെതന്നെ ഒപി സേവനവും മരുന്നും ലഭിക്കും.