സെന്‍കുമാറിനെതിരായ മതസ്പര്‍ദ്ധ കേസ്: തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

0
55


തിരുവനന്തപുരം: ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാരികയുടെ ലേഖകന്‍ ഹാജരാക്കിയ രണ്ട് മൊബൈലിലും ലാപ് ടോപ്പിലും അഭിമുഖത്തിന്റെ ശബ്ദരേഖയില്ലെന്നും ഹാജരാക്കിയ ഒരു സിഡിയില്‍ എഡിറ്റിങ്ങുകള്‍ നടന്നതായും ഫോറന്‍സിക് കണ്ടെത്തിയിട്ടുണ്ട്.

വാരികയ്ക്ക് നല്‍കിയത് മതവികാരം വളര്‍ത്തുന്ന അഭിമുഖമാണെന്ന പരാതിയില്‍ ക്രൈംബ്രാഞ്ചിന് കീഴിലെ സൈബര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു. താന്‍ പറയാത്ത കാര്യങ്ങളാണ് ലേഖനത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍കുമാര്‍ പറഞ്ഞതിന്റെ റെക്കോര്‍ഡിങ് ക്ലിപ്പ് കൈയിലുണ്ടെന്നായിരുന്ന വാരികയിലെ ലേഖകന്റെ വാദം. തുടര്‍ന്നാണ് തെളിവുകള്‍ ഹാജരാക്കാന്‍ ലേഖകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹാജരാക്കിയ തെളിവുകളെല്ലാം ഫോറന്‍സിക് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു.

ഫോറന്‍സിക് പരിശോധനയിലും ഫോണില്‍ നിന്നും സംഭാഷണം വീണ്ടെടുക്കാനായില്ല. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണം മായ്ച്ചുകളഞ്ഞുവെന്നായിരുന്നു ലേഖകന്റെ മൊഴി. എന്നാല്‍ മറ്റൊരു ഫോര്‍മാറ്റിലുള്ളതാണ് സിഡിയിലെ സംഭാഷണം. ഫോണില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് പകര്‍ത്തിയശേഷം സിഡയിലേക്ക് മാറ്റിയപ്പോള്‍ കൃത്രിമം നടന്നതായും കണ്ടെത്തിയിരുന്നു.