ഹസന്‍ പ്രസിഡന്റ് ആയി തുടരുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തം; പുതിയ പ്രസിഡന്റ്‌ വേണമെന്ന് ആവശ്യം

0
62

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: എം.എം.ഹസന്‍ തന്നെ കെപിസിസി പ്രസിഡന്റ് ആയി തുടരട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ അതൃപ്തി പ്രകടം.

തീരുമാനം വന്നു ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഹസന്റെ കാര്യത്തില്‍ ഈ അസംതൃപ്തി തുടരുകയാണ്. ഇത്ര കടുപ്പിച്ച തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈക്കൊള്ളേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നത്.

ഹസന് പകരം പുതിയ കെപിസിസി പ്രസിഡന്റ് വേണം എന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ മേല്‍ക്കൈ. അതുകൊണ്ട് തന്നെ ഗ്രൂപ്പുകള്‍ക്ക് അതീതമായി പുതിയ പ്രസിഡന്റ് കോണ്‍ഗ്രസിനെ കേരളത്തില്‍ നയിക്കട്ടെ എന്ന വികാരം ശക്തപ്പെടുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടുന്നത് വിരളമാണെങ്കിലും ഹസന്റെ സ്ഥാനലബ്ധി കോണ്‍ഗ്രസ് നേതാക്കളിലും ഞെട്ടലും അത്ഭുതവുമാണ് ഉളവാക്കുന്നത്. നാല് ദിവസം മുന്‍പാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ തീരുമാനം വന്നതെങ്കിലും അത്‌ ഉള്‍ക്കൊള്ളാന്‍ ഗ്രൂപ്പുകള്‍ തയ്യാറായിട്ടില്ല.

കടുത്ത അതൃപ്തിയാണ് ഹസന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. ഗ്രൂപ്പിന് അതീതമാണ്‌
ഈ വികാരം. ഹസനെ കെപിസിസി പ്രസിഡന്റ് ആയി നിയമിക്കാന്‍ ചരട് വലിച്ച എ ഗ്രൂപ്പ് പോലും ഹസന്റെ സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നില്ല എന്നതാണ് വാസ്തവം.

ഹസന് പകരം വേറെയാരെങ്കിലും കെപിസിസി പ്രസിഡന്റ് ആയി വന്നാല്‍ മതിയെന്നാണ് എ ഗ്രൂപ്പിന്റെയും ഉള്ളിലിരിപ്പ്. ഐഎസ്ആര്‍ഒ ചാരക്കേസ് പ്രശ്നത്തില്‍ ഹസന്‍ നടത്തിയ വിവാദ പ്രസ്താവന ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും മാരക പ്രഹരമായിരുന്നു. ഇതോടെ ഹസന്‍ എ ഗ്രൂപ്പിന് അനഭിമതനായി.

ഹസനെപ്പോലുള്ള ഒരു നേതാവ് കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വികാരം ഇളക്കിവിടുമെന്ന് എ ഗ്രൂപ്പ് പ്രതീക്ഷിച്ചതല്ല. ഹസന്‍ നേരിട്ട് തന്നെ ഉമ്മന്‍ചാണ്ടിയെ കണ്ടു വിശദീകരണം നല്‍കിയെങ്കിലും ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പ് നേതാക്കളും ഹസനെ വിശ്വാസത്തില്‍ എടുക്കാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ്  ഹസന്‍ തന്നെ തത്ക്കാലം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരട്ടെ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരുന്നത്. നിലവിലെ പിസിസി അധ്യക്ഷന്മാര്‍ തല്‍സ്ഥാനത്ത് തുടരുമെന്നാണ് രാഹുല്‍ അറിയിച്ചത്.

ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ പിസിസി അധ്യക്ഷന്‍മാരെ മാറ്റില്ലെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇത് നിരാശ പടര്‍ത്തി. ഹസനെതിരെ പാര്‍ട്ടിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്.

ബല്‍റാം ഉണ്ടാക്കിയ എകെജി വിവാദത്തിന്റെ പിടിയിലാണ് കോണ്‍ഗ്രസ് എങ്കിലും എം.എം.ഹസനെതിരായ നീക്കങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിട്ടില്ല.