ഹെലികോപ്ടര്‍ യാത്ര: അപാകതയില്ലെന്ന് മുഖ്യമന്ത്രി

0
69

ഇടുക്കി: ഹെലികോപ്ടര്‍ യാത്രയില്‍ അപാകതയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സഞ്ചരിച്ചാല്‍ ഉദ്യോഗസ്ഥര്‍ പണം കൊടുക്കും. യാത്രാചെലവ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം കൊടുക്കുന്നത് എന്ന് അറിഞ്ഞത് ഇന്നലെയാണ്. അപ്പോള്‍ തന്നെ വിളിച്ച് അത് വേണ്ടെന്നും പൊതുഫണ്ടില്‍ നിന്ന് മതിയെന്നും അറിയിച്ചു. അതില്‍ കൂടുതല്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയും മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരത്തിലുള്ള യാത്രകള്‍ വേണ്ടിവരും. പെട്ടെന്ന് വരേണ്ടതും പോകേണ്ടതും വന്നാല്‍ ഇത്തരത്തില്‍ എല്ലാവര്‍ക്കും ഇത് വേണ്ടിവരും. മുന്‍ മുഖ്യമന്ത്രി ഇടുക്കിയിലേക്ക് സമാന യാത്ര നടത്തിയപ്പോള്‍ 28 ലക്ഷം ചെലവാക്കിയത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നു തന്നെയാണെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ പിണറായി പറഞ്ഞു.

ഡിസംബര്‍ 26നു തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍നിന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയതും തിരിച്ചു പറന്നതും സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്നെടുക്കാന്‍ നിര്‍ദേശിച്ചാണു സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതാണു വിവാദമായത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിച്ചത്.