ആകാശയാത്രാ വിവാദം ചര്‍ച്ചയാക്കാതെ മന്ത്രിസഭാ യോഗം പിരിഞ്ഞു

0
61

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശയാത്ര നടത്തിയ സംഭവം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കിയ വിവാദമാണ് ചര്‍ച്ച ചെയ്യാതെ മന്ത്രിസഭായോഗം പിരിഞ്ഞത്. ഇത് സ്വാഭാവികമായ ഒരു നടപടി മാത്രമാണെന്നും വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, ആകാശയാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം രംഗത്തെത്തി. ദുരിതാശ്വാസ ഫണ്ട് യാത്രയ്ക്കായി ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും മുന്‍പും യാത്രകള്‍ക്ക് ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കെ.എം എബ്രഹാം വ്യക്തമാക്കി. താന്‍ പറഞ്ഞിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ദുരിശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്ര സഹായം ലഭിച്ചതെന്നും അദ്ദേഹം വന്നില്ലായിരുന്നെങ്കില്‍ അത് ലഭിക്കുമായിരുന്നില്ലെന്നും കെ.എം എബ്രഹാം
പറഞ്ഞു.
ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ വിശദീകരണവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സാധാരണ നടക്കുന്ന ഇത്തരം കാര്യങ്ങളെ വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത്തരം യാത്രകള്‍ ആവശ്യമാണെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ് വിവാദമായത്. ഡിസംബര്‍ 26നാണ് തൃശൂരിലെ സിപിഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തായിരുന്നു യാത്ര. കേന്ദ്രത്തില്‍ നിന്നെത്തിയ സംഘത്തെ അടിയന്തരമായി സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഇറക്കിയതെന്നുമായിരുന്നു വിശദീകരണം.