ആധാര്‍ സംവിധാനത്തെ തകര്‍ക്കാന്‍ ആസൂത്രിത പ്രചരണമെന്ന് നന്ദന്‍ നിലേകാനി

0
55


ന്യൂഡല്‍ഹി: ആധാര്‍ സംവിധാനത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ മനസ്സ് തുറന്ന് മുന്‍ യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നിലേകാനി. ആധാര്‍ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നന്ദന്‍ നിലേകാനി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാറിനെ തകര്‍ക്കാന്‍ സംഘടിതമായ ദുഷ്പ്രചരണമുണ്ടെന്നത് നൂറുശതമാനം സത്യമാണെന്നും ആധാര്‍ വിവരങ്ങള്‍ നിരവധി സുരക്ഷാ സംവിധാനങ്ങളാല്‍ സംരക്ഷിച്ചിരിക്കുന്നതാണെന്നും ഒരേസമയം അവയെല്ലാം ഭേദിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ ഒരു യാഥാര്‍ത്ഥ്യമാണെന്ന് എല്ലാവരും അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 119 കോടി ജനങ്ങള്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡുണ്ടെന്നും ഇതില്‍ 5.5 കോടി ആളുകള്‍ ആധാര്‍ നമ്പര്‍ ബാാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ അക്കൗണ്ടുകളിലേക്ക് 95000 കോടി രൂപയാണ് ഡയറക്ട് ബെനഫിറ്റ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യത മൗലികാവകാശമാണെന്ന കേസില്‍ നിന്ന് ആധാറിനെ സുപ്രീം കോടതി ഒഴിവാക്കുമെന്ന കാര്യത്തില്‍ നിലേകാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധാര്‍ വിവരങ്ങളുടെ കൈമാറ്റത്തിന് ഇരട്ട സുരക്ഷാ സംവിധാനം പ്രത്യേകം ഏര്‍പ്പെടുത്തിയ യുഐഡിഎഐയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.