കല്‍ബുര്‍ഗി വധം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

0
72

ഡല്‍ഹി: എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാ ദേവി നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും അന്വേഷണ ഏജന്‍സിക്കും നോട്ടീയ് നല്‍കിയിരിക്കുന്നത്. സുപ്രിം കോടതി നല്‍കിയ നോട്ടീസില്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങളുടെ പിന്നില്‍ ഒരേ കൊലപാതകികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ഉമാ ദേവി ആവശ്യപ്പെട്ടിരിക്കുന്നത്.
2015 ആഗസ്ത് 30നാണ് എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. ധാര്‍വാഡിലെ വസതിയില്‍ കല്‍ബുര്‍ഗിയെ കാണാനായി എത്തിയ സംഘം അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കൃത്യ നര്‍വ്വഹണത്തിനു ശേഷം കൊലയാളി കാത്തു നിന്നിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നീ മൂന്ന് കൊലപാകങ്ങളെയും ബന്ധപ്പെടുത്തുന്ന നിരവധി സമാനതകളുണ്ടെന്ന് കല്‍ബുര്‍ഗി വധം അന്വേഷിച്ച കര്‍ണാടക സിഐഡി കണ്ടെത്തിയിരിന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു.