കായല്‍ കയ്യേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

0
67

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 15 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുക ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി.

ജസ്റ്റിസ് എ.എം സാപ്രെ അടങ്ങിയ ബെഞ്ച് തന്റെ കേസ് പരിഗണിക്കരുതെന്നും ബെഞ്ച് മാറ്റണമെന്നുമുള്ള തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.തന്റെ അഭിഭാഷകനായ വിവേക് തന്‍ഖയ്ക്ക് ജസ്റ്റിസ് സാപ്രെയുടെ മുന്‍പാകെ ഹാജരാവാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്ന് ബെഞ്ച് മാറ്റണമെന്ന ആവശ്യം പിന്‍വലിക്കുകയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം കോടതിയില്‍ കത്ത് നല്‍കുകയും ചെയ്തു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എ.എം സാപ്രേയാണ് തോമസ് ചാണ്ടിയുടെ കത്ത് പരിശോധിക്കേണ്ടതാണെന്നും അതിനാല്‍ കേസ് മാറ്റുകയാണെന്നും അറിയിച്ചത്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് തോമസ് ചാണ്ടിക്കെതിരെ ഉണ്ടായത്. ഇതിനെത്തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. മാര്‍ത്താണ്ഡം കായലിലെ ഭൂമി തോമസ് ചാണ്ടി കൈയ്യേറിയതായും. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലം അനധികൃതമായി നികത്തിയെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്
റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മന്ത്രി എന്ന നിലയില്‍ ഒരാള്‍ക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകുമെന്ന് ചോദിച്ച കോടതി. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും വിമര്‍ശിച്ചിരുന്നു.